സ്വന്തം ലേഖകൻ
നൈജീരിയ: സാത്താന്റെ കുട്ടിയാണ് ഇവൻ. ഇവനെ ഞാൻ പരസ്യമായി ഉപേക്ഷിക്കുന്നു..! കണ്ണുതുറന്നു വരുന്നതേയുള്ളായിരുന്നു അവൻ, അമ്മയാരാണെന്നു തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നില്ല. അതിനു മുൻപ് അവനെ തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു അമ്മ. സാത്താൻ കുഞ്ഞാണെന്ന വിശ്വാസത്തിൽ നൈജീരിയൻ കുടുംബം മരിക്കാൻ വിട്ട രണ്ടുവയസ്സുകാരന് ജീവകാരുണ്യ പ്രവർത്തകയാണ് തുണയായിരിക്കുന്ന്ത്. ആഫ്രിക്കയിൽ ജീവിക്കുന്ന ഡാനിഷ് ജീവകാരുണ്യപ്രവർത്തക അഞ്ജാ റിംഗ്രൻ ലോവൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കുഞ്ഞിന്റെ ദയനീയകഥ പുറംലോകത്തെ അറിയിച്ചത്.
ലോവൻ പോസ്റ്റുചെയ്ത ചിത്രം ആരുടേയും കരളലിയിക്കുന്നതാണ്. വീട്ടുകാർ കയ്യൊഴിഞ്ഞതിനെതുടർന്ന് എട്ടുമാസമായി വഴിയാത്രക്കാർ ഉപേക്ഷിക്കുന്ന ഭക്ഷണം കഴിച്ചാണ് കുഞ്ഞ് ജീവൻ നിലനിർത്തിയിരുന്നത്. പട്ടിണി മൂലം മരണാസന്നനായ കുഞ്ഞിനെ ലോവൻ കണ്ടെത്തി ആശുപത്രിയിലാക്കുകയായിരുന്നു. മെലിഞ്ഞുണങ്ങി പുഴുവരിച്ച നിലയിൽ നഗ്‌നനായി തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന കുഞ്ഞിനെ ജനുവരി 31 നാണ് ലോവൻ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ഇപ്പോൾ സാധാരണനിലയിലേക്ക് മടങ്ങിവരുന്നു. ഹോപ്പ് എന്ന് കുഞ്ഞിന് പുനർനാമകരണം നടത്തിയിട്ടുണ്ട്. അവന്റെ നില മെച്ചപ്പെടുന്നുണ്ടെന്നും ശരീരം ഭക്ഷണത്തോടും മരുന്നുകളോടും പ്രതികരിച്ചു തുടങ്ങിയതായും ലോവൻ ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചിട്ടുണ്ട്. ഇപ്പോൾ തങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടെന്നും തന്റെ മകനൊപ്പം കളിക്കുന്നുണ്ടെന്നും ലോവൻ പറഞ്ഞു.
അന്ധവിശ്വാസങ്ങൾക്ക് ഇരയായി അഫ്രിക്കയിൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസവും സംരക്ഷണവും നൽകാൻ മൂന്ന് വർഷം മുമ്പ് സ്ഥാപിച്ച ആഫ്രിക്കൻ ചിൽഡ്രൻസ് എയ്ഡ് എഡ്യൂക്കേഷൻ ആന്റ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്റെ ഭാഗമായിട്ടാണ് ലോവൻ നൈജീരിയിൽ എത്തിയത്.