ആറ്റിങ്ങല്‍: വക്കം റയില്‍വേ ഗേറ്റില്‍ യുവാവിനെ പട്ടിയെതല്ലും പോലെ തല്ലിക്കൊന്നത് സഹോദരന്മാരെന്നു റിപ്പോര്‍ട്ട്. ബൈക്കില്‍ നിന്നു പിടിച്ചിറക്കി ആദ്യം തലയ്ക്കടിച്ച ആടിയില്‍ തന്നെ യുവാവ് മരിച്ചിരുന്നു. എന്നാല്‍, മരണം ഉറപ്പാക്കി കഴിഞ്ഞിട്ടും സംഘം വീണ്ടും യുവാവിനെ മര്‍ദിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
വക്കത്ത് യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് തല്ലിക്കൊന്ന കേസിലെ പ്രതികളുടെ പൂര്‍ണവിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് സംഘത്തെപ്പറ്റിയുള്ള കൃത്യമായ സൂചനകള്‍ പുറത്തു വിട്ടത്. വക്കം ഉടക്കുവിളാകത്ത് വീട്ടില്‍ പ്രസന്നന്റെ മക്കളായ സന്തോഷ് , സതീഷ് ഇവരുടെ സുഹൃത്തുക്കളായ അണയില്‍ ഈച്ചംവിളാകത്ത് കുമാറിന്റെ മകന് കിരണ്‍, ഭാഗവതര്‍ മുക്ക് പുതിയവീട്ടില്‍ ആദര്‍ശ്, തുണ്ടത്തില്‍ വീട്ടില്‍ മോന്കുട്ടന്, ദൈവപ്പുര ക്ഷേത്രത്തിനു സമീപം വിനായക് എന്നിവരാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടത്തിയത്.
നിലയ്ക്കാമുക്കില്‍ നിന്നും വക്കത്തേക്ക് വരികയായിരുന്ന ഷബീറിനെയും ഉണ്ണികൃഷ്ണനെയും തോപ്പിക്കവിളാകം റെയില്‍വേ ക്രോസിനു സമീപം ബൈക്ക് തടഞ്ഞുനിര്‍ത്തി അടിച്ചുവീഴ്ത്തുകയായിരുന്നു. രക്ഷപെടാനായി ഓടിയ ഷബീറിനെ സതീഷും സന്തോഷും പിന്തുടര്ന്ന് പിടികൂടുകയും സതീഷ് ഷബീറിന്റെ അടിച്ചുവീഴ്ത്തുകയുമായിരുന്നു. തലയ്ക്കേറ്റ ആദ്യ അടിയില്‍ തന്നെ ബോധം നഷ്ടമായ ഷബീറിന്റെ കാലുകള്‍ സന്തോഷ് കൂട്ടിപ്പിടിക്കുകയും സതീഷ് തുടര്‍ച്ചയായി അടിക്കുകയുമായിരുന്നു. മൃതപ്രായനായ ഷബീറിന്റെ കാല് ചവിട്ടി ഓടിക്കാനും സന്തോഷ് ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതികള്‍ പ്രദേശത്ത് സ്ഥിരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരാണെന്നതുകൊണ്ടുതന്നെ തടയാന്‍ ധൈര്യമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികളിലൊരാളായ വിനായകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ നാടുമുഴുവന്‍ പ്രചരിക്കുമ്പോഴും പ്രധാനപ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ഷബീറിനൊപ്പം ആക്രമണത്തിനിരയായ വക്കം പത്മാ മന്ദിരത്തില്‍ ഉണ്ണികൃഷ്ണന് ആശുപത്രിവിട്ടു വീട്ടിലെത്തിയിട്ടുണ്ട്.