പാലാ അമല കൊലക്കേസ്: പ്രതിയെ എത്തിക്കാനുള്ള സംഘം ഹരിദ്വാരിലേയ്ക്കു തിരിച്ചു

കോട്ടയം: പാലായിലെ കര്‍മ്മലീത്താ ലിസ്യൂ മഠത്തില്‍ കന്യാസ്ത്രീയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സതീഷ് ബാബു എന്നു സംശയിക്കുന്ന വ്യക്തിയെ ജില്ലയിലേയ്ക്കു എത്തിക്കാന്‍ പാലായില്‍ നിന്നുള്ള പൊലീസ് സംഘം ഹരിദ്വാരിലേയ്ക്കു തിരിച്ചു. ജില്ലാ പൊലീസ് മേധാവി എസ്.സതീഷ് ബിനോയുടെ നിര്‍ദേശത്തെ തുടര്‍നനു പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ ഹരിദ്വാരിലേയ്ക്കു തിരിച്ചിരിക്കുന്നത്.
കൊലപാതകത്തിനു ശേഷം പാലാ മൂന്നാനിയിലെ ഷാപ്പിലെത്തി മദ്യപിച്ച പ്രതി, മഠത്തില്‍ പൊലീസ് നായ എത്തിയതറിഞ്ഞു ഇവിടെ നിന്നു രക്ഷപെടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. മൂന്നാനിയിലെ ഷാപ്പിലിരുന്നവര്‍ കൊലപാതകത്തിന്റെ കാര്യം പറഞ്ഞതിനിടെ ഒരാള്‍ ഷാപ്പിന്റെ മതില്‍ ചാടി രക്ഷപെട്ടിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇതിനിടെ ഇയാളെ അന്വേഷിച്ചു ഷാപ്പിലെത്തിയ പൊലീസ് സംഘത്തിനു ഷാപ്പിനുള്ളില്‍ നിന്നും ഒരു കുട ലഭിച്ചിരുന്നു. ഈ കുട മഠത്തില്‍ നിന്നു മോഷണം പോയതാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഷാപ്പില്‍ നിന്നിറങ്ങിയ യുവാവിനെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചത്.
നിരവധി മോഷണക്കേസുകളിലും ഗുണ്ടാ ആക്രമണക്കേസുകളിലും പ്രതിയായ സതീഷ് ബാബു, മുന്‍പ് മഠങ്ങളില്‍ സമാന രീതിയില്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലക്കേസില്‍ സതീഷ് ബാബുവിനെ പൊലീസ് അന്വേഷിക്കുന്നതായി വിവരം പുറത്തറിഞ്ഞതോടെ ഇയാള്‍ പാലായില്‍ നിന്നു കടക്കുകയായിരുന്നു. പൊലീസ് സംഘം ഇയാളെ അന്വേഷിച്ചു വീട്ടിലെത്തുന്നതിനു ഒരു മണിക്കൂര്‍ മുന്‍പു വരെ പ്രതി രാമപുരത്തെ വീട്ടിലുണ്ടായിരുന്നു. ഇവിടെ നിന്നു ഇയാള്‍ രക്ഷപെട്ടതോടെയാണ് പൊലീസിനു അന്വേഷണം ജില്ലയ്ക്കു പുറത്തേയ്ക്കു വ്യാപിപ്പിക്കേണ്ടി വന്നത്. ഇതിനിടെ ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ചു ജില്ലയ്ക്കു പുറത്തേയ്ക്കു കടക്കുകയായിരുന്നു. മുന്‍പ് മുംബെയിലും, മഹാരാഷ്ട്രയിലും ജോലി ചെയ്തിരുന്ന പ്രതിയ്ക്ക് ഇംഗ്ലീഷും ഹിന്ദിയും എഴുതാനും വായിക്കാനും അറിയാമെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ പൊലീസ് മാധ്യമങ്ങളിലൂടെ പ്രതിയായ സതീഷ് ബാബുവിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടതും ഇയാളെ വെട്ടിലാക്കി. ഹരിദ്വാറിലെ ക്ഷേത്രത്തിലും ബന്ധുവീട്ടുലുമായാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇതിനിടെ ഹരിദ്വാരില്‍ നിന്നു നാട്ടിലെ ബന്ധുവിന്റെ ഫോണിലേയ്ക്കു ഇയാള്‍ വിളിച്ചിരുന്നു. ഇത് കണ്ടെത്തിയ പൊലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതി ഇരിക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു മഹാരാഷ്ട്ര പൊലീസുമായി ബന്ധപ്പെട്ട് ഹരിദ്വാറിലെ പ്രതിയുടെ ഒളിത്താവളം കണ്ടെത്തി. തുടര്‍ന്നു ഇവിടെ ഇയാളെ ഇവിടെ ഹരിദ്വാര്‍ പൊലീസ് തടഞ്ഞു വച്ചു. തുടര്‍ന്നു പ്രതിയുടെ ചിത്രം പകര്‍ത്തിയ ശേഷം ജില്ലാ പൊലീസിനു അയച്ചു നല്‍കി. ഈ ചിത്രം തിരിച്ചറിഞ്ഞ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി ഹരിദ്വാറിലേയ്ക്കു തിരിക്കുകയായിരുന്നു. ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഹരിദ്വാറിലേയ്ക്കു തിരിച്ചു.

Top