നാടിനെ നടുക്കി സിസ്റ്റര്‍ അമലയുടെ കൊലപാതകം; പഴുതുകളടച്ച് പൊലീസ് അന്വേഷണം

പാലാ: കോണ്‍വെന്‍റിലെ കിടപ്പുമുറിയില്‍ കന്യാസ്ത്രീയെ തലക്കടിച്ചു കൊല നാടിനെ നടുക്കി. കര്‍മലീത്താ മഠാംഗം സിസ്റ്റര്‍ അമലയെയാണ് (69) താമസിച്ചിരുന്ന പാലാ ലിസ്യൂ കോണ്‍വെന്‍റിലെ മുറിക്കുള്ളില്‍  മരിച്ച നിലയില്‍ കണ്ടത്തെിയത്. വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് മുറിക്കുള്ളിലെ കട്ടിലില്‍ തലക്ക് മുറിവേറ്റ് മരിച്ച നിലയില്‍ സിസ്റ്ററിനെ കണ്ടത്തെിയത്. തലയുടെ പിന്‍ഭാഗത്ത് മാരക ക്ഷതവും മുന്‍ഭാഗത്ത് നെറ്റിയില്‍ ആയുധം കൊണ്ട് അടിയേറ്റ പാടുമുണ്ട്. തലയില്‍നിന്നും രക്തം വാര്‍ന്ന് നിലത്ത് ഒഴുകിയിട്ടുണ്ട്. മുറിയുടെ ഭിത്തിയില്‍ ചോരത്തുള്ളികള്‍ തെറിച്ചുവീണിട്ടുണ്ട്.sr-pala
മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മൂന്നുനില കെട്ടിടത്തിന്‍െറ രണ്ടാമത്തെ നിലയിലെ ഒരു മുറിയില്‍ നിന്നും 500 രൂപ മോഷണം പോയിട്ടുണ്ട്. കോണ്‍വെന്‍റിന്‍െറ നടുത്തളത്തില്‍ നിന്നും മുകളിലിത്തെ നിലയിലേക്ക് കയറുന്ന ഗോവണിയുടെ താഴ് തകര്‍ന്ന നിലയില്‍ കണ്ടത്തെിയിട്ടുണ്ട്. മണം പിടിച്ച കോട്ടയം ഡോഗ് സ്ക്വാഡിലെ പൊലീസ് നായ് ജില്‍ കോണ്‍വെന്‍റിന്‍െറ വശത്തുകൂടി ഓടി  തൊട്ടുസമീപമുള്ള ചെറുപുഷ്പം ആശുപത്രി വളപ്പിലൂടെ മെയിന്‍ റോഡിലത്തെി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലത്തെി തിരികെ വന്നു.
കോണ്‍വെന്‍റിന്‍െറ മൂന്നാം നിലയിലാണ് സിസ്റ്റര്‍ അമലയുടെ മുറി. ഈ നിലയില്‍ സിസ്റ്ററിന്‍െറ മുറിയുടെ എതിര്‍വശത്തും സമീപത്തുമായി മറ്റ് സിസ്റ്റര്‍മാര്‍ താമസിക്കുന്ന ആറു മുറികളുണ്ട്. കാര്‍മല്‍ ആശുപത്രിയിലും മറ്റ് സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്ന മുപ്പതോളം സിസ്റ്റര്‍മാര്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരെ കൂടാതെ 20 നഴ്സിങ് വിദ്യാര്‍ഥിനികളും കോണ്‍വെന്‍റിലുണ്ട്. സമീപകാലത്ത് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന സിസ്റ്റര്‍ അമലയുടെ മുറി പൂട്ടാറില്ലായിരുന്നു. ഇടക്ക് ഒന്നുരണ്ടുപ്രാവശ്യം കുഴഞ്ഞുവീണിട്ടുള്ള സിസ്റ്റര്‍ കര്‍മലീത്താ സന്യാസിനീ സമൂഹത്തിന്‍െറ നേതൃത്വത്തിലുള്ള കാര്‍മല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു. സമീപകാലത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു സിസ്റ്റര്‍ അമല.
അടുത്തിടെ  ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിസ്റ്റര്‍ കൊല്ലപ്പെടുന്ന അന്ന് ഉച്ചയോടെയാണ് ഡിസ്ചാര്‍ജ് ആയത്തെിയത്. മഠത്തിലെ ചാപ്പലില്‍ കുര്‍ബാന സ്വീകരണം മുടക്കാറില്ലായിരുന്ന സി. അമലയെ വ്യാഴാഴ്ച കാണാത്തതിനെ തുടര്‍ന്നാണ് മറ്റ് സിസ്റ്റര്‍മാര്‍ അന്വേഷിച്ച് മുറിയിലത്തെിയത്. തലക്ക് മുറിവേറ്റ് മരിച്ച നിലയില്‍ കട്ടിലില്‍ കിടക്കുന്നതായാണ് കണ്ടത്.
ജില്ലാ പൊലീസ് ചീഫ് എസ്. സതീഷ് ബിനോ, പാലാ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബു, സി.ഐ ബാബു സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി മേല്‍നടപടികള്‍ സ്വീകരിച്ചു. കോട്ടയത്ത് നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജോസഫ് വാഴക്കന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മലാ ജിമ്മി, നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു പുന്നത്താനം, പാലാ ആര്‍.ഡി.ഒ സി.കെ. പ്രകാശ്, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. ജോസഫ് കുഴിഞ്ഞാലില്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തി.
സി.എം.സി പാലാ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലൂസിന്‍ മേരിയുടെ സഹോദരിയാണ് മരിച്ച അമല. രാമപുരം അമനകര വാലുമ്മേല്‍ പരേതരായ ആഗസ്തിയുടെയും ഏലിയുടെയും മകളാണ്. സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച  രാവിലെ ഒമ്പതിന് പാലാ കാര്‍മല്‍ ആശുപത്രിയിലെ ചാപ്പലില്‍ ആരംഭിച്ച് കിഴതടിയൂര്‍ സെന്‍റ് ജോസഫ്സ് പള്ളിയില്‍ മൃതദേഹം സംസ്കരിക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് കാര്‍മല്‍ ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിക്കും. സഹോദരങ്ങള്‍: സിസ്റ്റര്‍ ഹില്‍ഡാ മേരി (ഗ്രീന്‍ ഗാര്‍ഡന്‍സ്, പന്നിമറ്റം), സിസ്റ്റര്‍ ലൂസിന്‍ മേരി സി.എം.സി (പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, പാലാ), പരേതയായ സിസിലി ജോസ് വാലുമ്മേല്‍ കീലത്ത്.
Top