കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി.അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ . അന്വേഷണത്തിന് സ്റ്റേ നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ വിശദമായ വാദം കേൾക്കാൻ തയ്യാറാണെന്നും പോലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി അറിയിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗൂഢാലോചന നടത്തിയെന്നത് വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദീലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിതമായ നീക്കമാണ് പുതിയ കേസെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.
എന്നാല്‍ കേസില്‍ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണമായിരുന്നു ക്രൈംബ്രാഞ്ച് കോടതില്‍ തെളിയിക്കാന്‍ ശ്രമിച്ചത്. ഫോണിലെ ചില ചാറ്റുകള്‍ ഉള്‍പ്പെടെ നീക്കിയെന്ന് ദിലീപ് തന്നെ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ് ഫോണുകളില്‍ നിന്നും നീക്കം ചെയ്തത് എന്നായിരുന്നു ദിലീപിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ദിലീപിന്റെ ഫോണില്‍ നിന്നും 12 നമ്പറുകളിലേയ്ക്ക് അയച്ച സന്ദേശങ്ങള്‍ നശിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യമാണ് സത്യവാങ്മൂലത്തിലൂടെ ദിലീപ് സമ്മതിച്ചത്. എന്നാല്‍ എത്ര സന്ദേശങ്ങള്‍ നശിപ്പിച്ചുവെന്നോ, എതൊക്കെയാണ് നശിപ്പിച്ചതെന്നോ വ്യക്തമാക്കാന്‍ ദിലീപ് തയ്യാറായിട്ടില്ല. ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യസംഭാഷണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ ദിലീപ് ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും വാദിക്കാനായിരുന്നു കോടതിയില്‍ ശ്രമിച്ചത്.
വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും ദീലീപ് വാദിച്ചിരുന്നു. ദാസന്‍ ഓഫിസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കൊവിഡായിരുന്നു. ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ദിലീപ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ദാസന്‍ 2020 ഡിസംബറില്‍ തന്റെ വീട്ടിലെ ജോലി ഉപേക്ഷിച്ചുവെന്നും 2021 ഓക്ടോബര്‍ 26ന് ദാസന്‍ വീട്ടിലെ സംസാരം കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴിയെന്നുമായിരുന്നു ദിലീപ് കോടതിയില്‍ വാദിച്ചത്.
കേസ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു കോടതിയിൽ ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ അന്വേഷണം തടയില്ലെന്നും കേസിൽ വിശദമായ വാദം കേൾക്കാൻ തയ്യാറാണെന്നുമായിരുന്നു കോടതി വ്യക്തമാക്കുകയായിരുന്നു. ദിലീപിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
തെളിവ് നശിപ്പിക്കാനുള്ള ശക്തമായ ശ്രമങ്ങളാണ് ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെതന്നാണ് ക്രൈംബ്രാഞ്ച് നേരത്തേ കോടതിയിൽ അറിയിച്ചത്. ഫോണിലെ സംഭാഷങ്ങൾ ദിലീപ് ഡിലീറ്റ് മുംബൈയിലേക്ക് ഡിലീറ്റ് ചെയ്തുവെന്നായിരുന്നു അന്വേഷണ സഘം കോടതിയിൽ വ്യക്തമാക്കിയത്. 12 നമ്പറിലേക്കുള്ള 12 ചാറ്റുകളാണ് ഡിലീറ്റ് ആക്കിയതെന്നായിരുന്നു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. അതിനിടെ വധഗൂഢാലോചനാ കേസിൽ പോലീസിനെതിരെ ആരോപണമുന്നയിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
ദിലീപിന്റെ ഫോണിലെ വിവരങ്ങൾ സായ് ശങ്കറാണ് ഡിലീറ്റ് ചെയ്തതെന്ന് നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൊച്ചിയിൽ അഭിഭാഷകരുടെ ഓഫീസിൽ വെച്ച് സൈബർ ഫോറൻസിക് വിദഗ്ദൻ ആയ ശങ്കറിന്റെ ഐ മാക് കംപ്യൂട്ടർ ഉപയോഗിച്ചാണ് രേഖകൾ മായ്ച്ച് കളഞ്ഞതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൂടുതൽ അന്വേഷണത്തിൽ ദിലീപ് പോലീസിന് നൽകാൻ വിസമ്മതിച്ച ഏഴാമത്തെ ഫോണിലെ വിവരങ്ങൾ സായി ശങ്കർ ഫോണിൽ നിന്നും നീക്കിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇത് ദിലീപ് അറിയാതെയാണ് ഇയാൾ ചെയ്തതെന്നാണ് സൂചന. ഈ വിവരങ്ങൾ മറ്റൊരു ഡിവൈസിൽ സൂക്ഷിച്ച നിലയിലായിരുന്നു.
അതേസമയം വിവരങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ വിശദമായ ചോദ്യം ചെയ്യലിനായി സായ് ശങ്കറിനോട് ഹാജാരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ രാവിലെ 10 ന് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ പോലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചയാളാണ് സായ് ശങ്കർ.
കേസിൽ അഡ്വ രാമൻപിള്ളയ്ക്കും മറ്റ് അഭിഭാഷകർക്കുമെതിരെ മൊഴി നൽകാൻ തനിക്ക് മേൽ ക്രൈംബ്രാഞ്ചിന്റെ സമ്മർദ്ദം ഉണ്ടെന്നായിരുന്നു ഇയാളുടെ ആരോപണം. മൊഴി നൽകിയാൽ വിചരാണ നേരിടുന്ന രണ്ടു കേസുകളിൽ നിന്നും വിട്ടയക്കാമെന്ന ഉറപ്പാണെന്ന് പോലീസ് തനിക്ക് നൽകിയതെന്നാണ് ഇയാൾ പറഞ്ഞത്.ഇക്കാര്യം ചൂണ്ടിക്കാട്ടി സായ് ശങ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.