
ക്രൈം ഡെസ്‌ക്
കൊച്ചി: മലയാളികൾ അടങ്ങിയ സെക്‌സ് റാക്കറ്റ് സംഘം തട്ടിക്കൊണ്ടു വന്ന ഇതര സംസ്ഥാന പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായതായി മെഡിക്കൽ റി്‌പ്പോർട്ട്. മത്സ്യസംസ്‌കരണ ഫാക്ടറികളിലെ ജോലിയുടെ മറവിൽ ഝാർഖണ്ഡ്, ഒഡീഷ സ്വദേശിനികളായ പെൺകുട്ടികളെ കൊച്ചിയിൽ കൊണ്ടുവന്നത് പെൺവാണിഭത്തിനാണെന്ന് റെയിൽവേ പൊലീസിന്റെ പ്രാഥമിക നിഗമനം.പെൺകുട്ടികൾ ചൂഷണത്തിനിരയായിട്ടുണ്ടെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ഷൊർണൂർ റെയിൽവേ പൊലീസ് ഈ നിലക്കാണ് അന്വേഷിക്കുന്നത്. കടുത്ത ദാരിദ്ര്യം മുതലെടുത്താണ് ഒഡീഷ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ കുഗ്രാമങ്ങളിൽനിന്ന് പെൺകുട്ടികളെ എജൻറുമാർ വഴി വലവീശുന്നത്. കൊച്ചിയിൽ ചെമ്മീൻ സംസ്‌കരണമടക്കം വിവിധ മേഖലകളിൽ നൂറുകണക്കിന് അന്യസംസ്ഥാനക്കാരായ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. പലരും പ്രായപൂർത്തിയാവാത്തവരാണ്.
വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കി വയസ്സ് തിരുത്തിയാണ് ഏജൻറുമാർ പെൺകുട്ടികളെ എത്തിക്കുന്നത്. ചുരുങ്ങിയ മാസങ്ങൾ മാത്രം ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ പിന്നീട് എവിടേക്ക് പോകുന്നെന്നത് ദുരൂഹമാണ്. ഷൊർണൂരിൽ പിടിയിലായ സ്ത്രീകൾ ഇടക്ക് ജോലി സ്ഥലത്തുനിന്ന് അപ്രത്യക്ഷരാകാറുണ്ടെന്ന് തൊഴിലുടമ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിലാണ് കൊച്ചിയിലെ പെൺവാണിഭ റാക്കറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. റിമാൻഡിലുള്ള അന്യസംസ്ഥാനക്കാരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. ഏജൻറായി പ്രവർത്തിച്ച സ്ത്രീയുമായി ബന്ധപ്പെട്ടും പൊലീസ് സമാന്തര അന്വേഷണം നടത്തുന്നുണ്ട്. 6000 രൂപയാണ് ഒരു പെൺകുട്ടിയെ എത്തിക്കാൻ ഇവർക്ക് ലഭിക്കുന്നതത്രെ. പെൺകുട്ടികളെ പെരുമ്പാവൂർ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ചൂഷണത്തിന് വിധേയമാക്കിയതായി സൂചനയുണ്ട്. പല പെൺകുട്ടികളും പലതവണ ചൂഷണത്തിനിരയായതായി പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്ന് ശിശുക്ഷേമസമിതിക്ക് ലഭിച്ച മെഡിക്കൽ റിപ്പോർട്ടിലുണ്ട്.