കൊലക്കേസിൽ നിന്ന് രക്ഷപ്പെടാൻ ഒന്നാം സാക്ഷിയെ കൊന്നു ; 6 വർഷങ്ങൾക്ക് ശേഷം പ്രതികളെ പിടികൂടി പോലീസ്

വെഞ്ഞാറമൂട്:
ഗൃഹനാഥയെ കൊലപ്പെടുത്തിയ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഒന്നാംസാക്ഷിയും കൊല്ലപ്പെട്ടയാളിന്റെ മകനുമായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കീഴായിക്കോണം വണ്ടിപ്പുരമുക്ക് കൈതറക്കുഴി വീട്ടില്‍ പുഷ്പാംഗദന്‍, ഭാര്യാ സഹോദരന്‍ വിനേഷ്, വണ്ടിപ്പുരമുക്ക് സ്വദേശികളായ അഭിലാഷ്, സുരേഷ് എന്നിവരാണ് സംഭവം നടന്ന് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം അറസ്റ്റിലായത്.

2010ലാണ് കീഴായിക്കോണം കൈതറക്കുഴിയില്‍ കമല കൊല്ലപ്പെടുന്നത്. ഇവരുടെ സഹോദരനായ പുഷ്പാംഗദനും ഭാര്യാ സഹോദരനും ചാരായം വാറ്റുന്നത് പൊലീസിനെ അറിയിച്ചത് കമലയാണെന്നുള്ള സംശയത്തിന്റെ പേരില്‍ വാക്കേറ്റമുണ്ടാകുകയും. ഇതിനിടെ പ്രതികള്‍ കിണറ്റില്‍ തള്ളിയിട്ട കമല കൊല്ലപ്പെടുകയുമായിരുന്നു. ഈ കേസിന്റെ വിസ്താരം തുടരുന്നതിനിടെയാണ് 2015ല്‍ കമലയുടെ മകന്‍ പ്രദീപും (32)​ കൊല്ലപ്പെടുന്നത്. സാക്ഷി വിസ്താരം തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കൊലപാതകം. കീഴായിക്കോണം ഗ്രന്ഥശാലയ്ക്ക് സമീപമുള്ള ഇടറോഡില്‍ കഴുത്തില്‍ കൈലി മുണ്ട് മുറുക്കിയ നിലയിലാണ് പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണം നീണ്ടുപോയി. ഇതിനിടെ കമലയുടെ കൊലപാതകത്തിലെ പ്രതികളായ പുഷ്പാംദനേയും വിനേഷിനേയും കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി 5 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. ഇവര്‍ പിന്നീട് ശിക്ഷാ ഇളവുനേടി പുറത്തിറങ്ങുകയായിരുന്നു.

തീര്‍പ്പാകാതെ കിടന്ന പ്രദീപിന്റെ കൊലപാതകക്കേസില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം പുനരന്വേഷണം നടത്തുകയും പുഷ്പാംദനും വിനേഷും ചേര്‍ന്ന് അഭിലാഷ്, സുരേഷ് എന്നിവരുടെ സഹായത്തോടെ പ്രദീപിനെ കൊലപ്പെടുത്തിയതായി കണ്ടെത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Top