![](https://dailyindianherald.com/wp-content/uploads/2016/01/mur-1.jpg)
കൊഴിക്കോട്: അവിഹത ബന്ധത്തിന്റെ ക്രൂരമായ ഇടപാടുകളില്‍ മറ്റൊരു ജീവന്‍കൂടി പൊലിഞ്ഞു. കണ്ണില്ലാത്ത ക്രൂരത വിധിപറഞ്ഞപ്പോള്‍ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി കത്തിച്ചു. കോഴിക്കോട് മങ്കയം കിനാലൂര്‍ നിടുംപാറച്ചാലിലാണ് ഭര്‍ത്താവിനെ ദിവസങ്ങള്‍ക്കു മുന്‍പ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നരിക്കുനി സ്വദേശി രാജന് (33) ആണ് കൊല്ലപ്പെട്ടത്. ഭാര്യയും രാജന്റെ ജ്യേഷ്ഠന്റെ പുത്രനും ചേര്‍ന്ന് ആസൂത്രിതമായി കൊല നടത്തുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്തു.
സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് കേസിന് തുമ്പുണ്ടായത്. സൈബര്‍ സെല്‍ പരിശോധനയില്‍ രാജന്റെ മൊബൈല്‍ ഫോണ്‍ കിനാലൂര്‍ എസ്റ്റേറ്റ് പരിസരത്ത് ഉള്ളതായി കണ്ടെത്തി. ഇതേതുടര്‍ന്ന് ഭാര്യയെ ചോദ്യംചെയ്തപ്പോഴാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്.
11 ദിവസമായ ഭര്‍ത്താവിനെ കാണാതായിട്ടും എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന പോലീസിന്റെ ചോദ്യത്തിനുമുമ്പില്‍ പതറിയ ഭാര്യ എല്ലാം ഏറ്റു പറഞ്ഞു. രാജന്റെ ജേഷ്ഠന്റെ മകനുമായി പ്രണയത്തിലായിരുന്നുവെന്നും ഒന്നിച്ച് ജീവിക്കാനാണ് ആസൂത്രിതമായി കൊല നടത്തിയതെന്നും അവര്‍ മൊഴി നല്കി. സംഭവദിവസം രാത്രി ചില കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന കിനാലൂര്‍ എസ്റ്റേറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയും ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് മണ്ണെണ്ണ ഒഴിച്ചു കത്തിക്കുകയും ആയിരുന്നു.
തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖം വികൃതമായതോടെ മൃതദേഹം ആരുടേതെന്ന് അറിയാതെ അന്വേഷണം വഴി മുട്ടിയിരുന്നു. ആളെ കണ്ടെത്താനായി പോലീസ് കഴിഞ്ഞദിവസം രേഖാചിത്രം പുറത്തുവിട്ടിരുന്നു. കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തും. താമരശേരി ഡിവൈഎസ്പി കെ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് തുമ്പായത്. കൂടുതല്‍ വിവരങ്ങള്‍ വൈകുന്നേരം വാര്‍ത്താസമ്മേളനം നടത്തി പോലീസ് വെളിപ്പെടുത്തും.