![](https://dailyindianherald.com/wp-content/uploads/2016/05/Jisha-murder-accused-arrest.jpg)
ക്രൈം ഡെസ്‌ക്
കൊച്ചി: പെരുമ്പാവൂർ ജിഷ കൊലക്കേസിൽ കസ്റ്റഡിയിലുള്ള പ്രതിയുടെ ശരീരസ്രവങ്ങൾ പരിശോധിക്കും. ജിഷയുടെ രഹസ്യഭാഗങ്ങൾ പൂർണമായും തകർത്തിരുന്നതിനാൽ സ്രവപരിശോധനയിൽ കാര്യമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് കസ്റ്റഡിയിലുള്ള പ്രതി അടക്കം മൂന്നു പേരുടെ സ്വാബ് പരിശോധന നടത്തുന്നത്. ഇവരുടെ ജനനേന്ദ്രിയത്തിൽ നിന്നു ശേഖരിച്ച കോശങ്ങൾക്ക് ജിഷയുടെ ഡി.എൻ.എയുമായി സാമ്യമുണ്ടോ എന്നാണു പരിശോധിക്കുന്നത്.
ജിഷയുടെ വീട്ടിൽ നിന്നും ലഭിച്ച വിരലടയാളവും കൊലയാളിയെന്നു കരുതുന്ന ആളുടെയും വിരലടയാളവും യോജിക്കാത്ത സാഹചര്യത്തിലാണു കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തുന്നത്. ആധാർ കാർഡ് വഴി വിരലടയാളം താരതമ്യം ചെയ്യാനും ശ്രമിക്കുന്നുണ്ട്. ഇതിനായി അന്വേഷണ സംഘം ബംഗളുരുവിൽ പോയിരുന്നു.
ജിഷയുടെ സഹോദരി ദീപയെ പോലീസ് ഇന്നലെ കുറുപ്പംപടി സ്‌റ്റേഷനിലേക്കു കൊണ്ടുപോയി ചോദ്യംചെയ്തു. അമ്മ രാജേശ്വരിക്കൊപ്പം പെരുമ്പാവൂർ ആശുപത്രിയിൽ നിൽക്കുന്ന ദീപയെ മുമ്പും ചോദ്യംചെയ്തിരുന്നെങ്കിലും ആശുപത്രിയുടേതായ പരിമിതികൾ വിശദമായ ചോദ്യംചെയ്യലിനു തകസമായിരുന്നു. ദീപയുടെ രണ്ടു ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇവരുടെ ഫോണിൽ ഭായ് എന്ന പേരിൽ സേവ് ചെയ്ത നമ്പറിന്റെ ഉടമയായ ബംഗാൾ സ്വദേശി കസ്റ്റഡിയിലാണ്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിനുവേണ്ടി ഇന്നലെ നടത്തിയ തെരച്ചിലും വിഫലമായി. കൊലയാളി ഇതര സംസ്ഥാനക്കാരനാണെന്നതിനപ്പുറമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആയുധത്തിനായി പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ ഇന്നലെയും പരിശോധന നടത്തി. ജിഷയുടെ വീടിനു സമീപമുള്ള പറമ്പുകൾ, ആളൊഴിഞ്ഞ വീടുകൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി.
കൊലയാളി നാലു തരം ആയുധങ്ങൾ ഉപയോഗിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്. മൂർച്ചയേറിയ ആയുധമുപയോഗിച്ച് നെഞ്ചിലും പുറത്തും മുറിവേൽപിച്ചിട്ടുണ്ട്. വീതിയുള്ള ആയുധം ഉപയോഗിച്ചു പിൻഭാഗത്തും കുപ്പി ഉപയോഗിച്ച് നെഞ്ചിലും മുറിവേൽപ്പിച്ചിട്ടുണ്ട്. ഷാൾ ഉപയോഗിച്ചു കഴുത്തു മുറുക്കുകയും ചെയ്തു. മഞ്ഞ നിറമുള്ള ഷാൾ മാത്രമാണു കണ്ടെത്തിയത്. മറ്റ് ആയുധങ്ങൾക്കായാണ് അന്വേഷണം. സംഭവത്തിനു ശേഷം ആയുധമോ വസ്ത്രമോ ഉപേക്ഷിച്ചിരിക്കാമെന്ന സംശയത്തിൽ വീടും പരിസരവും അരിച്ചുപെറുക്കി.തൊണ്ടിസാധനങ്ങളിൽ, ചോര പുരണ്ട ചെരുപ്പും ഒരു കമ്പിപ്പാരയും മാത്രമാണ് പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കായി തിരിച്ചുവാങ്ങിയതെന്നും വിവരമുണ്ട്.