കല്‍ബുര്‍ഗിയെയും ഡാല്‍ബോല്‍ക്കറെയും പര്‍സാനയെയും നിശബ്ദമാക്കിയത് ഒരേ തോക്ക്; ആസൂത്രണത്തിന്റെ തുമ്പ് കിട്ടിയത് വെടിയുണ്ടയില്‍ നിന്ന്

ബാംഗ്ലൂര്‍: അസഹിഷ്ണുതയുടെ തോക്കുകള്‍ക്ക് അളവും തൂക്കവും ഒന്നു തന്നെയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. കര്‍ണ്ണാടകയിലെ സാഹിത്യ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരുമായ കല്‍ബൂര്‍ഗിയെയും, പര്‍സാനയെയും ഡാല്‍ബോല്‍ക്കറെയും കൊലപ്പെടുത്തിയത് ഒരേ തോക്ക് ഉപയോഗിച്ചെന്നു കണ്ടെത്തി. കര്‍ണ്ണാടക സിഐഡി വിങ് നടത്തിയ അന്വേഷണത്തിലാണ് ഡോ.എം.എം കല്‍ബുര്‍ഗി, നരേന്ദ്ര ദാബ്‌ഹോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരെ ഒരേ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നു കണ്ടെത്തിയത്.
മൂന്നു പേരുടെയും ശരീരത്തില്‍ നിന്നു കണ്ടെത്തിയ വെടിയുണ്ടകള്‍ സൈന്റിഫിക്ക് പരിശോധയ്ക്കു വിധേയനാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ വെടിയുണ്ടകളെല്ലാം ഒരേ തോക്കില്‍ നിന്നു വന്നതാണെന്നു കണ്ടെത്തിയത്. സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരേ ശക്തികള്‍ തന്നെയാണെന്നു കര്‍ണ്ണാടക ആഭ്യന്തരമന്ത്രി കെ.ജി പരമേശ്വര അറിയിച്ചു. സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ സാമ്യം ഏറെയാണെന്നും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ വേണ്ട എല്ലാ സംവിധാനവും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണ്ണാടക ആഭ്യന്തര വകുപ്പ് കണ്ടെത്തിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനു കര്‍ണ്ണാടക സര്‍ക്കാര്‍ കൈമാറിയിരുന്നു. കര്‍ണ്ണാടക സര്‍ക്കാറിന്റെ ബാലിസ്റ്റിക് എക്‌സ്‌പേര്‍ട്ട്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ നിര്‍മിതമായ 7.65 മില്ലി മീറ്റര്‍ തോക്കാണ് മൂന്നു പേരെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 7.65 മില്ലി മീറ്റര്‍ നീളമുള്ള വെടിയുണ്ടയാണ് തോക്കില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. രണ്ടു തവണ പരിശോധിച്ചപ്പോഴും ഒരു ഫലം തന്നെയാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് സംഭവങ്ങള്‍ക്കു പിന്നില്‍ ഒരേ ശക്തികള്‍ തന്നെയാണെന്നു ആഭ്യന്തര വകുപ്പ് ഉറപ്പിച്ചത്.
സംഭവത്തിനു പിന്നില്‍ ഒരേ ശക്തികള്‍ തന്നെയാണെന്നു തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. സംഭവങ്ങളെല്ലാം നടന്നിരിക്കുന്നത് രാവിലെ സമയത്താണ്. എല്ലാ സംഭവത്തിലെയും ആക്രമികള്‍ യുവാക്കളാണെന്നും ഇവരെത്തിയത് ബൈക്കിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതടക്കം കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുകയാണ് സര്‍ക്കാര്‍.

Top