കന്യാസ്ത്രീയെ കൊലപ്പെടുത്തിയത് കമ്പിവടി ഉപയോഗിച്ച്: പൊലീസിന്റെ കഥ പൊളിയുന്നു: മോഷണമല്ല ലക്ഷ്യമെന്നും പ്രതി ഹരിദ്വാര്‍ പൊലീസിനോട്

കോട്ടയം: പാലായിലെ കന്യാസ്ത്രീ മഠത്തില്‍ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് കമ്പിവടികൊണ്ടെന്നു പ്രതി സമ്മതിച്ചു. ഇതോടെ പാലായില്‍ പൊലീസ് കണ്ടെത്തിയ തൂമ്പായാണ് ആയുധമെന്ന കണ്ടെത്തലും പൊളിഞ്ഞു. പാലാ കന്യാസ്ത്രീ മഠത്തില്‍ കയറിയത് മോഷണത്തിനല്ലെന്നു കൂടി പ്രതി സമ്മതിച്ചതോടെ ഇതു സംബന്ധിച്ചും പൊലീസ് കെട്ടിപ്പൊക്കിയ കഥയും പൊളിഞ്ഞിരിക്കുകയാണ്.
കേസിലെ പ്രതിയായ കാസര്‍കോഡ് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കല്‍ സതീഷ് ബാബുവിനെ (സതീഷ് നായര്‍38) ഹരിദ്വാറിലെ ആശ്രമത്തില്‍ നിന്ന് ഉത്തരാഖണ്ഢ് പോലീസ് പിടികൂടി കേരളാ പോലീസിന് കൈമാറി. കേരള പോലീസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്. പാലാ ഡി.വൈ.എസ്.പി സുനീഷ് ബാബു, സി.ഐ. ബാബു സെബാസ്റ്റ്യന്‍, സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരുള്‍പ്പെട്ട അഞ്ചംഗ സംഘം വ്യാഴാഴ്ച രാത്രി എട്ടിനാണ് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ യാത്ര തിരിച്ചത്. അര്‍ധ രാത്രിയില്‍ ഡല്‍ഹിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ഹരിദ്വാറിലേക്ക് കാര്‍ മാര്‍ഗമാണ് പോയത്.
വെള്ളിയാഴ്ച രാവിലെ 7.30 ന് ഹരിദ്വാറിലെത്തി. ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിന്റെ നടത്തിപ്പുകാരും പൂജാരികളുമായ മലയാളികളായ വിഷ്ണു നമ്പൂതിരിയും ജ്യേഷ്ഠന്‍ കൃഷ്ണന്‍ നമ്പൂതിരിയുമാണ് പോലീസ് ടീമിന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തത്. അവിടെ പ്രഭാത ഭക്ഷണം കഴിഞ്ഞ് പ്രതി അവിടെയെത്തിയ സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിഷ്ണു നമ്പൂതിരി തയ്യാറാക്കിയ ഡയറിക്കുറിപ്പുകള്‍ പോലീസ് വാങ്ങി. സതീഷ് ബാബുവിന് കിടക്കാന്‍ മുറി നല്കിയ തിരുവനന്തപുരം സ്വദേശി സത്യനെ പോലീസുകാര്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. നാട്ടില്‍ അടിപിടിയുണ്ടായി പോലീസ് വാറണ്ടായതോടെ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായപ്പോള്‍ നാടുവിട്ടതാണെന്ന് രാത്രിയില്‍ സതീഷ് ബാബു സത്യനോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ സത്യന്‍ വിശദീകരിച്ചു.
ഹരിദ്വാറിലെ സ്‌പെഷല്‍ ബ്രാഞ്ച് പോലീസിന്റെ കണ്‍ട്രോള്‍ റൂമിലാണ് പ്രതിയെ പാര്‍പ്പിച്ചിരുന്നത്. ഇവിടെ വച്ചാണ് ഹരിദ്വാര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ചോദ്യം ചെയ്തത്. പാലായില്‍ കന്യാസ്ത്രീയെ കൊലപ്പെടുത്തിയത് ഭാരമേറിയ മൂര്‍ച്ച കുറഞ്ഞ കമ്പിവടി ഉപയോഗിച്ചു തലയ്ക്കടിച്ചാണെന്നാണ് ഹരിദ്വാര്‍ പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം മഠത്തിനുള്ളില്‍ നിന്നു പൊലീസ് രക്തക്കറയുള്ള ഒരു തൂമ്പാ കണ്ടെടുത്തിരുന്നു. ഈ തൂമ്പാ അപ്പോള്‍ ഏതാണെന്ന ചോദ്യമാണ് ഉയരുന്നു.
രാവിലെ എട്ടരയോടെ പാലാ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കണ്ടു ചോദ്യം ചെയ്തു. കേരള പോലീസിന്റെ കേസ് ഫയലുകളും ഉത്തരാഖണ്ഡ് പോലീസിന്റെ അറസ്റ്റ് ഫയലും കോടതി പരിഗണിച്ചശേഷം ട്രാന്‍സിറ്റ് വാറന്റുമായാണ് പ്രതിയെ കൊണ്ടുവരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച (17) വെളുപ്പിന് രണ്ടരയോടെയാണ് പാലായിലെ കോണ്‍വെന്റില്‍ സിസ്റ്റര്‍ അമല (69) കൊല്ലപ്പെട്ടത്. കൈതൂമ്പകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. സംഭവത്തിനു ശേഷം കവിയൂര്‍, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സതീഷ് ബാബു ഒടുവില്‍ ഫോണ്‍ ഉപേക്ഷിച്ച് ഉന്തരേന്ത്യയിലേക്ക് കടക്കുകയായിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് ഹരിദ്വാറിലെ ആശ്രമത്തിലെത്തിയ സതീഷ് ബാബു ഭിക്ഷുവാണെന്നാണ് ആശ്രമം അധികൃതരോട് പറഞ്ഞത്. ഗംഗയില്‍ കുളിക്കാനിറങ്ങുന്നതിനിടെ പഴ്‌സ് നഷ്ടമായെന്നും സഹായിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അപരിചിതരെ ആശ്രമത്തില്‍ കയറ്റാറില്ലെങ്കിലും ആശ്രമത്തിലെ മലയാളികളെ പരിചയപ്പെട്ടാണ് ഇയാള്‍ ആശ്രമത്തില്‍ കടന്നു കൂടിയത്. എന്നാല്‍ തന്റെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടതറിഞ്ഞ സതീഷ് ബാബു രക്ഷപ്പെടാനായി ആശ്രമം അധികൃതരോട് പണം ആവശ്യപ്പെട്ടു.
എന്നാല്‍ ബന്ധുക്കളെയോ മറ്റോ പരിചയപ്പെടുത്തിയാലേ പണം തരൂ എന്ന് ആശ്രമം അധികൃതര്‍ പറഞ്ഞതോടെ ഇയാള്‍ കാസര്‍കോട്ടെ സഹോദരന്റെ ഫോണ്‍ നമ്പര്‍ കൊടുക്കുകയായിരുന്നു. ഇതിലേക്ക് ആശ്രമാധികൃതര്‍ എസ്.എം.എസ് അയച്ചു. സഹോദരന്റെ ഫോണ്‍ നിരീക്ഷിച്ചിരുന്ന കേരളാ പോലീസ് സഹോദരനെ കസ്റ്റഡിയിലെടുക്കുകയും ആശ്രമാധികൃതരെയും ഉത്തരാഖണ്ഡ് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉത്തരാഖണ്ഡ് പോലീസ് ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ആശ്രമത്തിലെത്തി സതീഷ് ബാബുവിനെ കസ്റ്റഡിയിലെടുത്തു. അവിടെ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് കോട്ടയം എസ്.പി സതീഷ് ബിനോ, പാലാ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന് വിവരം കൈമാറി. തുടര്‍ന്നാണ് അന്വേഷണ സംഘം ഹരിദ്വാറിനു പോകാന്‍ തീരുമാനിച്ചത്.
പ്രായമേറിയ കന്യാസ്ത്രീകളെ ആക്രമിക്കുന്ന പ്രത്യേക മാനസിക വൈകല്യത്തിന് അടിമയാണ് ഇയാളെന്ന് പോലീസിന് ലഭിച്ച വിവരം. റിപ്പര്‍ മോഡലില്‍ പല മഠങ്ങളിലും കന്യാസ്ത്രീമാര്‍ക്കു നേരെ ഇയാള്‍ തലയ്ക്കടിച്ചുള്ള ആക്രമണം നടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, കാസര്‍കോട് ജില്ല ജില്ലകളിലെ ചില ക്വട്ടേഷന്‍ സംഘങ്ങളുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ചേറ്റുതോട്, ഭരണങ്ങാനം, കൂത്താട്ടുകുളം, വടകര, പൈക തുടങ്ങിയ വിവിധ മഠങ്ങളില്‍ കന്യാസ്ത്രീമാര്‍ക്കു നേരെ രാത്രിയില്‍ നടന്ന ആക്രമണത്തില്‍ സതീഷ് ബാബുവിന് പങ്കുള്ളതായും പോലീസ് പറയുന്നു.

Top