മുംബൈ: ശീന ബോറ കൊലപാതകക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ മൂന്നാം പ്രതിയും ഇന്ദ്രാണി മൂഖര്‍ജിയുടെ മുന്‍ ഭര്‍ത്താവുമായ സഞ്ജീവ് ഖന്ന കുറ്റം സമ്മതിച്ചതായി മുംബൈ പൊലീസ് കമ്മീഷര്‍ രാകേഷ് മാരിയ അറിയിച്ചു. വെള്ളിയാഴ്ച രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ശീനയുടെ പാസ്പോര്‍ട്ട് ഡെറാഡൂണില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന് സ്്ജീവ് ഖന്നയെ ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം സമ്മതിച്ചതെന്നും കമ്മീഷണര്‍ പറഞ്ഞു.
റായ്ഗഡിലെ വനത്തിനുള്ളില്‍ നിന്നും ലഭിച്ച ശീനയുടെ ശരീരാവശിഷ്ടങ്ങള്‍ ശനിയാഴ്ച ഡി.എന്‍.എ ടെസ്റ്റിന് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെ ത്തിയത്. എല്ലുകളും തലയോട്ടിയും ഒരു സ്യൂട്ട് കേസുമാണ് ലഭിച്ചത്.
മുംബൈയിലെ ബാന്ദ്രാ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കിയ സഞ്ജീവ് ഖന്നയെ റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ദ്രാണി മുഖര്‍ജിയും ഡ്രൈവര്‍ ശ്യാം മനോഹര്‍ റായിയും സഞ്ജീവും ചേര്‍ന്നു 2012ല്‍ ശീനയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു റായ്ഗഡില്‍ ഉപേക്ഷിച്ചെന്നാണ് കേസ്.
ഇന്ദ്രാണിയുടെ ഡ്രൈവറില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. സഞ്ജീവ് ഖന്നയാണ് മയക്കുമരുന്ന് നല്‍കി ശീനയെ കൊലപ്പെടുത്തിയതെന്നും ഡ്രൈവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ശീന. വ്യാഴാഴ്ച പോലീസ് ശീനയുടെ സഹോദരന്‍ മിഖായേലിനെയും മുന്‍ കാമുകന്‍ രാഹുല്‍ മുഖര്‍ജിയെയും ചോദ്യംചെയ്തിരുന്നു. അറസ്റ്റിലായ ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ മകനാണ് രാഹുല്‍.