കൊച്ചി: കൊലപാതകം നടത്തി മൃതദേഹം വീപ്പക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത് കായലില്‍ തള്ളിയ കേസില്‍ ചുരുളഴിയുന്നു. പൊലീസിന് ഏറെ തലവേദന സൃഷ്ടിച്ച കേസിലാണ് പൊലീസ് പുതുയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. വീപ്പക്കുള്ളില്‍ നിന്നും ലഭിച്ച മൃതദേഹം ഉദയംപേരൂരില്‍ നിന്ന് കാണാതായ ശകുന്തളയുടേതാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
ശകുന്തളയുടെ ജഡം കണ്ടെത്തിയ പോലീസ് മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്തത് തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സജിത്താണെന്നും കണ്ടെത്തി. എന്നാല്‍ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളില്‍ സജിത്തിനേയും മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
പത്തുമാസം പഴക്കമുള്ള അസ്ഥികൂടമാണ് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത്. വീപ്പ കോണ്‍ക്രീറ്റ് ഇട്ട് അടച്ച് കായലില്‍ തള്ളിയനിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് വീപ്പ കരയ്ക്കെത്തിച്ചത്. നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്പ് ഈ വീപ്പ ആദ്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് രണ്ടുമാസം മുമ്പാണ് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്ക് എത്തിച്ചത്. ഇതിനു ശേഷവും വീപ്പയ്ക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്പുകള്‍ എത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച് പരിശോധന നടത്തിയത്.
സജിത്തും ശകുന്തളയുടെ മകളും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ അടുപ്പം ശകുന്തള ചോദ്യം ചെയ്താണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറയുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സജിത്ത് ജീവനൊടുക്കുകയായിരുന്നോ അതോ ഇയാളുടെ മരണത്തിന് പിന്നിലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ച് വരുകയാണ്.
വീപ്പ കായലില്‍ കൊണ്ടിടാന്‍ സജിത്തിനെ സഹായിച്ചവരേയും പോലീസ് തിരിച്ചറിഞ്ഞു. തങ്ങള്‍ക്ക് ഇതിനുള്ളില്‍ മൃതദേഹമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സഹായിച്ചവര്‍ പോലീസിനോട് പറഞ്ഞത്. മയക്കുമരുന്ന് ഇടപാടുകാര്‍ അടക്കമുള്ളവരെക്കുറിച്ചും മറ്റും എക്സൈസിനും പോലീസിനും വിവരം നല്‍കിയിരുന്ന ഇന്‍ഫോര്‍മറായിരുന്നു മരിച്ച സജിത്ത്.
ഒന്നരവര്‍ഷം മുമ്പ് ഉപേക്ഷിച്ച വീപ്പ ഒരു വര്‍ഷത്തിന് ശേഷമാണ് കരയ്ക്കെത്തിച്ചത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് വീപ്പക്കുള്ളിലെ കോണ്‍ക്രീറ്റ് പൊട്ടിച്ച് പരിശോധിച്ചത്. സ്ത്രീയുടെ ജഡമാണ് വീപ്പയിലുണ്ടായിരുന്നതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഡിഎന്‍എ പരിശോധനയിലാണ് ഉദയംപേരൂരില്‍ നിന്ന് കാണാതായ ശകുന്തളയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് ശകുന്തളയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണം നീണ്ടു. മരിച്ച നിലയില്‍ കണ്ടെത്തിയ സജിത്തിന്റെ മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ പൊട്ടാസിയം സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു