നാട് കോവിഡ് ഭീതിയിൽ കഴിയുമ്പോൾ ഇതൊന്നും ഗൗനിക്കാതെ പാർട്ടി സമ്മേളനങ്ങൾ ആഘോഷമാക്കുകയാണ് സിപിഎം. ഏറെ വിവാദം സൃഷ്‌ടിച്ച മെഗാ തിരുവാതിരയ്ക്ക് പിന്നാലെ ഗാനമേളയുമായി എത്തിയിരിക്കുകയാണ് സിപിഎം.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ സമാപന യോഗത്തിന് മുന്നോടിയായിട്ടായിരുന്നു ജനങ്ങളെ കോമാളികളാക്കുന്ന ഗാനമേള സിപിഎം സംഘടിപ്പിച്ചത്. കൊവിഡ് ചട്ടം നിലനിൽക്കെയായിരുന്നു കൊവിഡ് ക്ലസ്റ്ററായി മാറിയ വേദിയിൽ ഗാനമേള നടന്നത്.
തിരുവാതിരയിൽ തുടങ്ങി ഗാനമേളയിൽ സിപിഎം സമ്മേളനം അവസാനിക്കുമ്പോൾ ജനങ്ങൾക്ക് മുൻപിൽ സിപിഎം പരിഹാസ്യരായി മാറിക്കഴിഞ്ഞു. സമ്മേളന ചിട്ടവട്ടങ്ങൾ പൂർത്തിയായപ്പോൾ പ്രതിനിധികളെ ഉന്മേഷവാന്മാരാക്കാനായിരുന്നു സ്വാഗത സംഘത്തിന്റെ വകയായി ഗാനമേള നടത്തിയത്.
ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലയുടെ വേദന മാറുന്നതിന് മുൻപും കോവിഡ് കൂടി നിൽക്കുന്ന അവസ്ഥയിലും നടത്തിയ തിരുവാതിര വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഗാനമേള.
തിരുവാതിര നടത്തിയതിലെ അനൗചിത്യം പ്രമുഖ നേതാക്കന്മാർ ഉൾപ്പടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ഗാനമേള നടത്തിയത് വീണ്ടും വിവാദമായിക്കഴിഞ്ഞു.
ഗാനമേള ആസ്വദിച്ചു നിന്ന പ്രവർത്തകർ ആവേശത്തോടെ ആടിപ്പാടിയത്, തീവ്രമായ കൊവിഡ് വ്യാപനത്തിൽ ആൾക്കൂട്ടം പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശം നിലനിൽക്കെയായിരുന്നു എന്നത് ശ്രദ്ധേയം.