ഒരു റസ്റ്റോറന്റില്‍ മുസ്ലിം യുവാവിനൊപ്പമിരുന്ന് ചായകുടിക്കുന്ന പെണ്‍കുട്ടിയെ അലിഗറിലെ ബിജെപി വനിതാ വിഭാഗം പ്രസിഡന്റായ സംഗീത വര്‍ഷ്‌നി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. ഹിന്ദു ദുര്‍ഗ വാഹിനിയുടെ ഒരു സംഘം പ്രവര്‍ത്തകര്‍ റസ്റ്റോറന്റില്‍ ഇവരെ വളയുകയും ആക്രമിക്കുകയുമായിരുന്നു. അതിന് ശേഷം ഇവരെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛനെ ഫോണില്‍ വിളിച്ചുവരുത്തിയ സംഗീത കുട്ടിയെ തല്ലാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. മാതാപിതാക്കള്‍ അറിയാതെ പെണ്‍കുട്ടി പതിവായി മുസ്ലിം യുവാവിനെ കാണാന്‍ നൗറംഗബാദിലേക്ക് യാത്ര ചെയ്യുന്നുണ്ടെന്നാണ് സംഗീതയുടെ ആരോപണം. അതേസമയം വീഡിയോ വൈറല്‍ ആയതോടെ ബിജെപി അലിഗര്‍ നേതൃത്വം സംഗീതയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അവര്‍ അധികകാലം മഹിള മോര്‍ച്ച പ്രസിഡന്റായി തുടരില്ലെന്നാണ് ബിജെപി അലിഗര്‍ മീഡിയ ഇന്‍ ചാര്‍ജ്ജ് ശൈലേന്ദ്ര ഗുപ്ത പറയുന്നത്. അതേസമയം പെണ്‍കുട്ടിയുടെ അച്ഛന് ആരോടും പരാതിയില്ലെന്നും അദ്ദേഹം മകളെയും കൊണ്ട് പോയെന്നും അലിഗര്‍ പോലീസ് സൂപ്രണ്ടന്റ് രാജേഷ് പാണ്ഡെ അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന ഫൈസാന്‍ എന്ന യുവാവിനെതിരെ പൊതുസ്ഥലത്ത് അശ്ലീല പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ച് കേസെടുത്തിട്ടുണ്ട്. താനൊരു പാവപ്പെട്ട വ്യക്തിയാണെന്നും യാതൊരു വിവാദങ്ങളിലും ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. താഴ് നിര്‍മ്മാണ ഫാക്ടറിയിലെ തൊഴിലാളിയാണ് ഇദ്ദേഹം.