അഹമ്മദാബാദ്: മുസ്ലീം ബഹുഭാര്യാത്വം അവസാനിപ്പിയ്ക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. ബഹുഭാര്യാത്വം പൂര്‍ണമായും ഒഴിവാക്കുന്നതിനായി മുസ്ലീം വ്യക്തിനിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു. ബഹുഭാര്യത്വം ഏകീകൃത സിവില്‍കോഡിനു എതിര് നില്‍ക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. തന്റെ സമ്മതമില്ലാതെ ഭര്‍ത്താവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചെന്നാരോപിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ജഡ്ജി ജെ.ബി. പര്‍ഡിവാല ഇങ്ങിനെ നിരീക്ഷിച്ചത്.
ഭാര്യക്കെതിരെ ജാഫര്‍ അബ്ബാസ് വാദിച്ചത് മുസ്‌ലിം വ്യക്തി നിയമമനുസരിച്ച് ഒരാള്‍ക്ക് നാലുതവണ വിവാഹം കഴിക്കാമെന്നാണ്. അതുകൊണ്ട് തന്നെ എഫ്‌ഐആര്‍ നിലനില്‍ക്കുന്നതല്ലെന്നും അബ്ബാസ് വാദിച്ചു. ഖുറാന്‍ നല്‍കിയ ബഹുഭാര്യാത്വത്തിന് പിന്നിലുള്ള നന്മയുടെ അംശം കാണാതെയാണ് ഈ വാദമെന്നും, ഇന്നത് സ്വകാര്യ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നും കോടതി പറഞ്ഞു. ഭാര്യയെ ഉപദ്രവിക്കാനോ അവളെ വീട്ടില്‍നിന്ന് പുറത്താക്കാനോ മറ്റൊരാളെ വിവാഹം കഴിക്കാനോ നിയമങ്ങള്‍ അനുവദിക്കുന്നില്ല. ഏകീകൃത സിവില്‍കോഡ് കൊണ്ട് വരണമെന്നും കോടതി ചൂണ്ടിക്കാട്ടി.
മുസ്ലീം വ്യക്തിനിയമപ്രകാരം ഒന്നില്‍ കൂടുതല്‍ വിവാഹം കഴിയ്ക്കുന്നവരെ നിയമപരമായി ശിക്ഷിയ്ക്കാനാവില്ല. അതേ സമയം ബഹുഭാര്യാത്വം ഭരണഘടനാവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും ലൈംഗിക താല്‍പര്യങ്ങള്‍ക്കും വേണ്ടി മാത്രം ഒന്നില്‍ കൂടുതല്‍ വിവാഹം കഴിയ്ക്കുന്നത് ഖുറാന്‍ വിലക്കിയിട്ടുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.ബഹുഭൂരിപക്ഷം പേരും ഇത്തരം താല്‍പര്യങ്ങളുടെ പുറത്താണ് ഒന്നില്‍ കൂടുതല്‍ വിവാഹം കഴിയ്ക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.