വിവാഹമോചനം ഏറ്റവും കുറവ് മുസ്‌ലിംകള്‍ക്കിടയിലെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ഇതര മതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിവാഹമോചനം നേടുന്ന മുസ്‌ലിംകളുടെ എണ്ണം കുറവാണെന്ന് ഇന്ത്യന്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ വനിതാ വിഭാഗം. മുത്ത്വലാഖുമായി ബന്ധപ്പെട്ട വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് ബോര്‍ഡിന്റെ വനിതാ വിഭാഗത്തിന്റെ ചീഫ് ഓര്‍ഗനൈസറായ അസ്മ സോഹ്‌റ ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് പുറത്തു വിട്ടത്. വിവാഹമോചനം നേടുന്ന മുസ്‌ലിംകളുടെ എണ്ണത്തിലുള്ള കുറവ് ഇസ്‌ലാം സ്ത്രീകളെ സംരക്ഷിക്കുന്നുവെന്നതിന്റെ തെളിവാണെന്നും അവര്‍ പറഞ്ഞു.
2016 മെയ് മുതല്‍ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളിലെ കുടുംബകോടതികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. 2011-2015 വരെയുള്ള രേഖകളാണ് വിവരാവകാശ നിയമപ്രകാരം കുടുംബകോടതികളില്‍ നിന്ന് ലഭിച്ചത്. മൊത്തം 60 കുടുംബകോടതികളില്‍ നിന്നുള്ള വിശദമായ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവ പരിശോധിച്ചപ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണം കുറവാണെന്ന് കണ്ടെത്തി. ഒപ്പം വിവിധ ദാറുല്‍ ഖദാകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരം 2-3ശതമാനം വിവാഹ മോചന കേസുകള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടതെന്നും വ്യക്തമായി.
ഇതില്‍ തന്നെ ഭൂരിപക്ഷവും സ്ത്രീകള്‍ കൊടുത്ത കേസുകളാണ്.ശരീഅത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ മുസ്‌ലിം മഹിള ഗവേഷണ കേന്ദ്രം തയ്യാറാക്കിയ റിപോര്‍ട്ട് പ്രകാരം ഈ ജില്ലകളില്‍ സമര്‍പ്പിക്കപ്പെട്ട വിവാഹമോചന കേസുകളുടെ എണ്ണം മുസ്‌ലിംകളുടേത് 1307ഉം ഹിന്ദുക്കള്‍ക്കിടയില്‍ 16505ഉം ക്രിസ്ത്യാനികള്‍ക്കിടയില്‍ 4827ഉം സിഖുകാര്‍ക്കിടയില്‍ എട്ടുമാണ്.

കേരളത്തിലെ കണ്ണൂര്‍, മലപ്പുറം, എറണാകുളം, പാലക്കാട് ജില്ലകളിലെയും മഹാരാഷ്ടട്രയിലെ നാസിക്, തെലങ്കാനയിലെ കരീംനഗര്‍, ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലകളിലെയും ഹൈദരാബാദിലെ സെക്കന്തരാബാദ് മേഖലയിലെയും വിവരങ്ങളാണ് ഇതിനായി ശേഖരിച്ചത്.മുത്ത്വലാഖ് പ്രശ്‌നം കഴിഞ്ഞ വര്‍ഷങ്ങളിലാണ് ദേശീയ ശ്രദ്ധയിലേക്ക് വന്നതും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതുമെന്നും സോഹ്‌റ പറഞ്ഞു. വിഷയം ഏറ്റവും ശരിയായ രീതിയില്‍ വേണം പരിഗണിക്കാന്‍. ഇസ്‌ലാം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും സംരക്ഷണവും നല്‍കുന്നുണ്ട്. എല്ലാ സമുദായങ്ങളിലെയും ബാധിക്കുന്ന സ്ത്രീധനം, ഗാര്‍ഹിക പീഡനം, ശൈശവ വിവാഹം, പെണ്‍ഭ്രൂണ ഹത്യ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ രാജ്യത്തുണ്ട്. ഇവ വേണ്ട രീതിയില്‍ പരിഗണിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top