മലപ്പുറം: വനിതാലീഗ് അധ്യക്ഷ സ്‌ഥാനത്തുനിന്നു മുസ്ലിംലീഗ് പുറത്താക്കിയ ഖമറുന്നീസ അന്‍വറിനെ സ്വാഗതം ചെയ്‌ത് ബി.ജെ.പി നേതാക്കള്‍. ഖമറുന്നീസയെ പോലെ സാമൂഹിക പ്രതിബദ്ധതയുള്ള സ്‌ത്രീ പാര്‍ട്ടിയിലേക്കു വരുന്നതില്‍ സന്തോഷമേയുള്ളവെന്നും വരാന്‍ തയാറാണെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും പാര്‍ട്ടി ഉത്തരമേഖലാ ജനറല്‍ സെക്രട്ടറി കെ. നാരായണന്‍ പറഞ്ഞു. ഇതിനിടെ, ഈ വിഷയത്തില്‍ ഇനി മാധ്യമങ്ങളോട് സംസാരിക്കരുതെന്നു ഖമറുന്നീസയോട് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവര്‍ത്തനഫണ്ട് കൈമാറിയശേഷം ബി.ജെ.പിയെ പുകഴ്‌ത്തി സംസാരിച്ചതിനാണു വനിതാലീഗ് സംസ്‌ഥാന അധ്യക്ഷസ്‌ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം അവരെ നീക്കിയത്. ഇതിലൂടെ ലീഗിന്റെ വികൃതമുഖമാണു പുറത്താകുന്നതെന്നും തന്റെ വീട്ടിലെത്തിയവരോട് ഔചിത്യമര്യാദയോടെ പെരുമാറിയതിനാണു ഇവര്‍ക്കെതിരേ നടപടിയെടുത്തതെന്നും വനിതകളെ അടിച്ചമര്‍ത്തുന്ന ലീഗിന്റെ മറ്റൊരു രീതിയാണിതെന്നും കെ. നാരായണന്‍ ആരോപിച്ചു. കെ.സുരേന്ദ്രനും ഖമറുന്നീസയെ നടപടിയെ അഭിനന്ദിച്ചും സ്വാഗതംചെയ്‌തും കഴിഞ്ഞ ദിവസം ഫെയ്‌സ്‌ബുക്കില്‍ പ്രതികരിച്ചിരുന്നു.
ഖമറുന്നീസ അന്‍വര്‍ ഒരു ഒറ്റപ്പെട്ട വ്യക്‌തിയല്ലെന്നും ഇങ്ങനെ ചിന്തിക്കുന്ന പലരും നമ്മുടെ നാട്ടിലുണ്ടെന്നും പ്രത്യേകിച്ച് മുസ്ലിംവനിതകള്‍ എന്നു പറഞ്ഞു തുടങ്ങുന്ന സുരേന്ദ്രന്റെ പോസ്‌റ്റില്‍ മോഡി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ എല്ലാവരെയും ആകര്‍ഷിക്കുന്നുണ്ടെന്നും ഇതു തുറന്നു പറയാനുള്ള തന്റേടം പലര്‍ക്കുമില്ലെന്നേയുള്ളൂവെന്നും പറയുന്നു. സമ്മര്‍ദം കാരണം ഖേദംപ്രകടിപ്പിക്കേണ്ടി വന്നെങ്കിലും ഖമറുന്നീസ നട്ടെല്ലുള്ള വനിതാനേതാവു തന്നെയാണ്. അവരുടെ മകന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ നിലപാട് ബോധ്യമാവും. അനന്തമായ സാധ്യതകളാണ് ഈ നിലപാടിലൂടെ അവരുടെ മുന്നിലുള്ളതെന്നും സുരേന്ദ്രന്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.
മുന്‍കാലങ്ങളില്‍ ബി.ജെ.പി , ആര്‍.എസ്.എസ.് അനുകൂല നിലപാടുകള്‍ സ്വീകരിച്ച ലീഗ് നേതാക്കള്‍ക്കെതിരേയൊന്നും നടപടി സ്വീകരിക്കാതെ ഖമറുന്നീസ മാപ്പുപറഞ്ഞിട്ടും ഏകപക്ഷീയമായി നടപടി ലീഗിന്റെ സ്‌ത്രീവിരുദ്ധ നിലപാടാണെന്നു ചൂണ്ടിക്കാട്ടിയാണു ബി.ജെ.പി പ്രചാരണം നടത്തുന്നത്.
മുസ്ലിം വനിതകള്‍ക്കിടയില്‍ പാര്‍ട്ടിക്കു കൂടുതല്‍ സ്വീകര്യത കിട്ടാന്‍ ഇതുകൊണ്ടുസാധിക്കുമെന്നാണു നേതാക്കള്‍ വിലയിരുത്തുന്നത്.
വനിതാലീഗ് രൂപീകരണ കാലം മുതല്‍ ഇതിന്റെ അധ്യക്ഷയായിരുന്നു ഖമറുന്നീസ. സംസ്‌ഥാനവനിതാ സാമൂഹ്യക്ഷേമ വകുപ്പ് അധ്യക്ഷ, കേന്ദ്ര സാമൂഹികക്ഷേമ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍, തുടങ്ങിയ സ്‌ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. കേന്ദ്ര സാമൂഹികക്ഷേമ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗത്വം നിലനിര്‍ത്തുന്നതിനാണു ബി.ജെ.പിക്ക് അനുകൂലമായി അവര്‍ പ്രതികരിച്ചതെന്നാണു ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്.