സ്വന്തം ലേഖകൻ
കോഴിക്കോട്: ബിജെപി ദേശീയ സമ്മേളനത്തിനിടെ ബിഷപ്പുമാരെയും സ്വാമിമാരെയും കണ്ട മോദി മുസ്ലീം മതനേതാക്കളെ ഒഴിവാക്കിയത് വിവാദമാകുന്നു. മു്‌സീം നേതാക്കളെ മനപൂർവം തഴഞ്ഞതായാണ് വിവാദം ഉയർന്നിരിക്കുന്നത്. ഒരു മാസം മുൻപ് മോദിയെ കാണാൻ അപേക്ഷ വച്ച മുസ്ലീം നേതാക്കൾക്കു അനുമതി നൽകാൻ പ്രധാനമന്ത്രിയുടെ ഓഫിസ് തയ്യാറായില്ല. ബിജെപി ദേശീയ കൗൺസിൽ യോഗത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി ക്ഷേത്രങ്ങൾ സന്ദർശിക്കാനും ഹിന്ദു, ക്രിസ്ത്യൻ നേതാക്കളെയും കാണാൻ തയ്യാറായപ്പോഴാണ് മുസ്ലിം നേതാക്കൾക്ക് സന്ദർശനാനുമതി നൽകാതിരുന്നത്. നേരത്തെ കാന്തപുരം അബുബക്കർ മുസ്ലിയാർ, ഡോ. ഹുസൈൻ മടവൂർ എന്നിവർ മോഡിയെ കാണാൻ രേഖാമൂലം അനുമതിക്കായി പ്രധാനമന്ത്രിയുടെ ഓഫിസിനെ സമീപിച്ചിരുന്നു.
ഇത് കൂടാതെ രണ്ടു മുസ്ലിം സംഘടനകളും മോഡിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ സമയമില്ല എന്ന കാരണത്താൽ പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ് ഇവർക്കുളള അനുമതികൾ നിഷേധിക്കുകയായിരുന്നു. അതെസമയം കോഴിക്കോട് രൂപതാ ബിഷപ് വർഗീസ് ചക്കാലക്കൽ, താമരശേരി രൂപത ചാൻസലർ എബ്രഹാം കാവിൽപുരയിടം എന്നിവരെ പ്രധാനമന്ത്രി ഗസ്റ്റ് ഹൗസിൽ കാണുകയും ചെയ്തു. കൂടാതെ ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി ഗോലോകാനന്ദ, സ്വാമി ചിദാനന്ദപുരി എന്നിവർക്കും മോഡിയെ കാണാനുളള അനുമതി ലഭിച്ചു. ബിജെപിയുടെ സംസ്ഥാന നേതാക്കൾ വഴിയാണ് മുസ്ലിം സംഘടനകളുടെ നേതാക്കൾ പ്രധാനമന്ത്രിയെ കാണാനായി അനുമതിക്ക് അപേക്ഷിച്ചത്. ഡൽഹിയെ പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റിലേക്ക് അപേക്ഷകൾ അയക്കുകയും ചെയ്തിരുന്നു.
കേരളത്തിലെത്തിയ മോഡിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ച കാന്തപുരം കഴിഞ്ഞ മാർച്ചിൽ ഡൽഹിയിൽ നടന്ന ലോക സൂഫീ സമ്മേളനത്തിൽ പങ്കെടുത്തത് വിവാദമായിരുന്നു. കേന്ദ്ര സർക്കാരും ആർഎസ്എസും സ്‌പോൺസർ ചെയ്ത സമ്മേളനത്തിൽ പങ്കെടുത്ത് കാന്തപുരം മുസ്ലിം സമുദായത്തെ വഞ്ചിച്ചെന്നായിരുന്നു എതിരാളികളുടെ ആരോപണം. ഇതിന് പിന്നാലെ അടുത്തിടെ മോഡി ഭരണത്തെ പ്രശംസിച്ചും കാന്തപുരം രംഗത്തെത്തിയിരുന്നു. ബിജെപി അധികാരത്തിൽ വന്ന ശേഷം രാജ്യത്ത് അസഹിഷ്ണുത വർധിച്ചതായി കരുതുന്നില്ലെന്നും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ സമാധാനപരമായ രാജ്യമാണെന്നും ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ കാന്തപുരം പറഞ്ഞിരുന്നു.