മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ യോഗം വിളിച്ചു; എസ് വൈഎസ് സെക്രട്ടറിക്കെതിരെ നടപടി

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് യോഗം വിളിച്ച ചേളാരി വിഭാഗം എസ് വൈ എസ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി. ഹമീദ് ഫൈസിയെ സംഘടനാ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയതായി ചേളാരി വിഭാഗം സമസ്ത നേതാവ് ആലിക്കുട്ടി മുസ്ലിയാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലിയെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് യോഗം വിളിച്ചതിനാണ് നടപടി. യോഗം വിളിച്ചുചേര്‍ക്കുന്നത് ചേളാരി വിഭാഗം സമസ്ത നേതാക്കള്‍ വിലക്കിയിരുന്നു. ഇത് മറികടന്നാണ് അമ്പലക്കടവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ഹമീദ് ഫൈസിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതായി കാണിച്ച് ആലിക്കുട്ടി മുസ്‌ലിയാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് ഹൈദരലി ശിഹാബ് തങ്ങളുടേയും സാദിഖലി ശിഹാബ് തങ്ങളുടേയും വിലക്ക് മറികടന്നാണ് ഒരു വിഭാഗം ചേളാരി നേതാക്കളുടെ നേതൃത്വത്തില്‍ കരുവാരക്കുണ്ടില്‍ യോഗം ചേര്‍ന്നത്. കരുവാരക്കുണ്ട് ദാറുന്നജാത്ത് കോളേജില്‍ നടത്താനിരുന്ന യോഗം നേതൃത്വത്തിന്റെ വിലക്കിനെ തുടര്‍ന്ന് ഒരു ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. കരുവാരക്കുണ്ട്, കാളികാവ്, തുവ്വൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് യോഗത്തിനെത്തിയത്. മുന്നൂറോളം പേരെ ക്ഷണിച്ചിരുന്നെങ്കിലും മുപ്പതിലധികം പേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. ചേളാരി വിഭാഗം ജില്ലാ നേതാവ് പുത്തനേഴി മൊയ്തീന്‍ ഫൈസി ഹൈദരലി തങ്ങളുടെ വിലക്കിനെത്തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറായില്ല. ടിപി അഷ്‌റഫലി നേരത്തെ വിവാഹപ്രായവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചേളാരി വിഭാഗത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് ടിപി അഷ്‌റഫലി ചന്ദ്രികയില്‍ ലേഖനമെഴുതിയിരുന്നു. ഇതേതുടര്‍ന്ന് അഷ്‌റഫലിക്കെതിരെ ശക്തമായി രംഗത്ത് വന്ന ചേളാരി നേതാക്കള്‍ അഷ്‌റഫ് അലി മാപ്പ് പറയണമെന്നും ആവശ്യമുന്നയിച്ചു. എന്നാല്‍ ഇതിന് അഷ്‌റഫലി തയ്യാറായില്ല. ഒടുവില്‍ മാപ്പപേക്ഷിച്ച് ചേളാരി വിഭാഗം നേതാവ് സൈനുദ്ദീന്‍ മുസ്‌ലിയാര്‍ക്ക് കത്ത് നല്‍കണമെന്നായി ചേളാരി വിഭാഗം. നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി അഷ്‌റഫലി കത്ത് നല്‍കിയെങ്കിലും അതില്‍ മാപ്പപേക്ഷിക്കുന്നതായി പറഞ്ഞിരുന്നില്ല. അഷ്‌റഫലിയെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓണംപിള്ളി ഇന്നലെ ഫേസ്ബുക്കിലിട്ട പോസ്റ്റ്. അഷ്‌റഫലി കത്ത് നല്‍കിയതറിഞ്ഞ് അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നാല്‍ കത്തില്‍ മാപ്പപേക്ഷ ഇല്ല എന്ന് വ്യക്തമായതോടെ ഈ പോസ്റ്റ് പിന്‍വലിച്ച ഓണംപള്ളി ‘കൊതിച്ചത് നടക്കില്ലെങ്കില്‍ വിധിച്ചത് നടക്കട്ടെ’ എന്ന് പോസ്റ്റിടുകയായിരന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അഷ്‌റഫലിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത് യോഗം വിളിച്ചതും.

Top