![](https://dailyindianherald.com/wp-content/uploads/2016/02/palli-mani-leg.jpg)
രാഷ്ട്രീയ ലേഖകൻ
കോഴിക്കോട്: കേരളത്തിന്റെ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ കേരള കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നേതൃത്വത്തിൽ കുറുമുന്നണി രൂപീകരിക്കുന്നതായി റിപ്പോർട്ട്. കോൺഗ്രസിനെയും സിപിഎമ്മിനെയും അധികാരത്തിൽ നിന്നു അകറ്റി നിർത്തുന്നതിനായി പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ സൃഷ്ടിക്കുകയാണ് ഇപ്പോൾ രണ്ടു പാർട്ടികളും ലക്ഷ്യമിടുന്നത്.
ഇതിലൂടെ കേരളത്തിന്റെ അധികാര ശ്രേണിയിൽ കൃത്യമായ മേൽവിലാസം ഉറപ്പിക്കുകയാണ് രണ്ടു പാർട്ടികളും ലക്ഷ്യമിടുന്നത്. കുഞ്ഞാലിക്കുട്ടിയുടെ കേരള യാത്ര കോട്ടയത്ത് എത്തിയപ്പോൾ കെ.എം മാണിയുമായി നടത്തിയ ചർച്ചയിലാണ് കേരളത്തിലെ സമാന മനസ്കരായ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്തി കേരളത്തിൽ അങ്ങോളമിങ്ങോളം മൂന്നാം മുന്നണി കെട്ടിപ്പെടുക്കാൻ തീരുമാനിച്ചത്.
നിലവിൽ കേരള രാഷ്ട്രീയത്തിൽ ശക്തമായ വർഗീയ ധ്രുവീകരണം നടക്കുന്നതായാണ് ഇരുപാർട്ടികളുടെയും പ്രധാന പരാതി.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രണ്ടു മുന്നണികളും കേരള കോൺഗ്രസിനെയും മുസ്ലീം ലീഗിനെയും ചതിക്കുകയാണെന്ന പ്രതീതിയാണ് ഇപ്പോൾ രണ്ടു കക്ഷികളുടെയും നേതാക്കൾക്കുള്ളത്. നിലവിലെ സാഹചര്യത്തിൽ ബിജെപിയും, സിപിഎമ്മും, കോൺഗ്രസും ഒരു പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. ഇത് കേരള കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ നാശത്തിനുള്ള തന്ത്രമാണെന്നാണ് കണക്കു കൂട്ടുന്നത്. നിലവിൽ ബിജെപിയുമായി തെറ്റിനിൽക്കുന്ന വെള്ളാപ്പള്ളി നടേശന്റെ പാർട്ടിയെയും മുന്നണിയുടെ ഭാഗമാക്കിയാൽ തലസ്ഥാന നഗരത്തിൽ അടക്കം പാർട്ടിക്കും മുന്നണിക്കും കൂടുതൽ സീറ്റുകൾ ഉറപ്പാക്കാമെന്നാണ് ലക്ഷ്യമിടുന്നത്.
മലബാർ മേഖലയിൽ മുസ്ലീലീഗിനു ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ അടക്കം സീറ്റ്് ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ലീഗ് പ്രതീക്ഷിക്കുന്നത്. കോട്ടയം പത്തനംതിട്ട ഇടുക്കി തൃശൂർ എറണാകുലം ജില്ലകളിൽ കേരള കോൺഗ്രസിന്റെ സഖ്യത്തിലും, ആലപ്പുഴ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വെള്ളാപ്പള്ളി നടേശന്റെ പാർട്ടിയുടെ ബലത്തിലും വോട്ട് നേടാമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.