ന്യൂഡല്‍ഹി: വന വിജയം നേടിയ കർണാടകത്തിൽ ന്യുനപക്ഷ പ്രീണന നയവുമായി കോൺഗ്രസ് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്ന് തന്നെ പ്രഖ്യാപിക്കും.അതോടൊപ്പം മൂന്നു ഉപമുഖ്യമന്ത്രിമാരും ഉണ്ടാകും .ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ മുസ്ലിം ആയിരിക്കും .മുസ്ലിം സമുദായ വോട്ട് ഇത്തവണ പൂര്‍ണമായും കോണ്‍ഗ്രസിന് ലഭിച്ചു എന്നാണ് വിലയിരുത്തല്‍. ജെഡിഎസും കോണ്‍ഗ്രസും വീതംവച്ചിരുന്ന മുസ്ലിം വോട്ട് ഇത്തവണ ജെഡിഎസിന് ലഭിച്ചിട്ടില്ല. ജെഡിഎസിന് അവരുടെ ശക്തി കേന്ദ്രങ്ങളില്‍ വരെ തിരിച്ചടി ലഭിക്കാന്‍ കാരണവും അതുതന്നെയായിരുന്നു. കര്‍ണാടക വഖഫ് ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് മുസ്ലിം ഉപമുഖ്യമന്ത്രി എന്ന ആവശ്യം ഉയരുകയും ചെയ്തു.
ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായേക്കില്ലെന്നാണ് സൂചന. തല്‍ക്കാലം മന്ത്രിസഭയിലേക്കുമില്ലെന്ന നിലപാടിലാണ് ശിവകുമാര്‍. ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യയും ശേഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം വന്ന് നാളെ തന്നെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ മാത്രമാകും ആദ്യം നടക്കുക. ഇന്ന് വൈകിട്ടോടെ സിദ്ധരാമയ്യ ബെംഗളൂരുവിലേക്ക് തിരിക്കും. ബെംഗളൂരു ശ്രീ കണ്ഠീവര സ്‌റ്റേഡിയത്തിലാകും സത്യപ്രതിജ്ഞ നടക്കുക. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സോണിയാ ഗാന്ധിയുടെ വസതിയിലാണ് ചര്‍ച്ചകൾ നടക്കുന്നത്. ഹൈക്കമാന്‍ഡ് ഫോര്‍മുലയില്‍ സോണിയാ ഗാന്ധിയുടെ ഉറപ്പു വേണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ടേം ധാരണ നടപ്പിലായിട്ടില്ല. സമാനമായ സാഹചര്യം അഭിമുഖീകരിക്കേണ്ടി വരുമെന്നും ശിവകുമാര്‍ പറഞ്ഞു. സര്‍ക്കാരില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് വിവരം. ലിംഗായത്ത്, എസ്‌സി, മുസ്ലീം വിഭാഗങ്ങളെ പ്രതിനിധീകരിച്ചാകും ഇവര്‍ എത്തുക.
ഉപമുഖ്യമന്ത്രിയായി മന്ത്രിസഭയിലെത്താന്‍ ആഗ്രഹമില്ല എന്ന് ഡികെ ശിവകുമാര്‍ ഹൈക്കമാന്റിനെ അറിയിച്ചു എന്നാണ് വിവരം. അദ്ദേഹം കെപിസിസി അധ്യക്ഷനായി തുടരാനാണ് സാധ്യത. ഡികെ താല്‍പ്പര്യപ്പെടുന്ന എംഎല്‍എമാര്‍ക്ക് സുപ്രധാന വകുപ്പ് മന്ത്രിസഭയില്‍ നല്‍കിയേക്കും. ഇക്കാര്യല്‍ അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണ്. വൊക്കലിഗ നേതാവ് കൂടിയാണ് ഡികെ. അദ്ദേഹം നിര്‍ദേശിക്കുന്ന സമുദായത്തില്‍ നിന്നുള്ള എംഎല്‍എമാരെ മന്ത്രിമാരാക്കിയേക്കും.
സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരുമിച്ച് നിന്നുള്ള പോരാട്ടമാണ് കോണ്‍ഗ്രസിന് 135 സീറ്റ് നേടിയുള്ള മികച്ച വിജയത്തിന് സഹായിച്ചത്. സിദ്ധരാമയ്യയുടെ ജനകീയത പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ പണം കൊണ്ടും എതിരാളികളെ അമ്പരപ്പിക്കുന്ന തന്ത്രംകൊണ്ടും ഡികെ സുപ്രധാന പങ്ക് വഹിച്ചു എന്ന വിലയിരുത്തലുമുണ്ടായി.
ഈ സാഹചര്യത്തില്‍ ഡികെ ശിവകുമാര്‍ തന്നെ കോണ്‍ഗ്രസിനെ നയിക്കട്ടെ എന്നൊരു അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഡികെ സംഘടനാ രംഗത്ത് വേണം എന്നാണ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണാടകയുടെ ചുമതലയുള്ള നേതാക്കളുമായും സിദ്ധരാമയ്യ, ഡികെ എന്നിവരുമായും ചര്‍ച്ച ചെയ്ത ശേഷം ഇന്ന് അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.
ഈ സാഹചര്യത്തില്‍ ഒരു ഉപമുഖ്യമന്ത്രി മുസ്ലിം പ്രതിനിധിയായി ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍. യുടി ഖാദറിനാണ് സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം, ദളിത് വിഭാഗവും കോണ്‍ഗ്രസിന്റെ ജയത്തിന് ഏറെ സഹായിച്ചവരാണ്. ദളിത് നേതാവ് ഉപമുഖ്യമന്ത്രിയായി എത്താനുള്ള സാധ്യതയുണ്ട്. ജി പരമേശ്വരയ്ക്കാണ് ഇതിനുള്ള സാധ്യത പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ല.