സ്വന്തം ലേഖകൻ
ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പിന്നാലെ വിവാദപരാമർശങ്ങളുമായി മന്ത്രിമാരും. ഗോവധ നിരോധനവും, ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതും നിരോധിച്ച യോഗി ആദിത്യനാഥിനു പിന്നാലെ മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന പ്രസ്താവനയുമായാണ് മന്ത്രിമാർ ഒന്നിനു പിന്നാലെ ഒന്നായി എത്തുന്നത്. തലാഖ് ചൊല്ലുന്ന മുസ്ലീം പുരുഷൻമാർ അമിതമായി കാമമുള്ളവരാണെന്നാണ് ഇപ്പോൾ യുപി മന്ത്രി വിവാദപ്രസ്താവന നടത്തിയിരിക്കുന്നത്.
ഉത്തർപ്രദേശ് മന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് ഇപ്പോൾ വിവാദ പരാമർശവുമായി രംഗത്ത് എത്തിയിരിക്കുന്നത്.. കാമം മാത്രം ലക്ഷ്യമിടുന്നവരാണ് ഭാര്യമാരെ അടിക്കടി മാറ്റുന്നതെന്നായിരുന്നു ബി.ജെ.പി മന്ത്രിയുടെ പരാമർശം. അമിതമായി കാമമുള്ളവരാണ് മുസ്ലീംങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ഭാര്യയെയും മക്കളെയും തെരുവിൽ ഭിക്ഷയെടുക്കാൻ നിർബന്ധിതരാക്കുകയാണ് ഇത്തരക്കാരെന്നും സ്വാമി പ്രസാദ് മൗര്യ ആരോപിച്ചു. ബിജെപി ഇത്തരത്തിൽ ഉപേക്ഷിക്കപെടുന്ന മുസ്ലിം സ്ത്രീകളുടെ കൂടെയാണെന്നും മന്ത്രി പറഞ്ഞു.
മുത്തലാഖ് സംബന്ധിച്ച് ബിജെപി ദേശീയ തലത്തിൽ പ്രചാരണം നടത്തുന്നതിടെയാണ് വിവാദ പരാമർശവുമായി യുപി മന്ത്രിയുടെ രംഗപ്രവേശം. മുത്തലാഖിനെതിരെ പ്രധാനമന്ത്രി നരേന്ദ്രോമോഡിയും ഇന്ന് പരാമർശം നടത്തിയിരുന്നു.
മുത്തലാഖിനെ രാഷ്ട്രീയ വിഷയമായി കാണരുതെന്നും മുത്തലാഖ് പോലുളള ദുരാചാരങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാൻ മുസ്ലിം സമുദായം മുന്നിട്ടിറങ്ങണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് പരാമർശം. മെയ് 11 മുതൽ 19 വരെ ഭരണഘടനാ ബെഞ്ച് ഹർജിയിൽ വാദം കേൾക്കും.