
ന്യൂ ഡല്‍ഹി: മുസ്ലീങ്ങളെ കൊന്നൊടുക്കി , ദളിതരെ ചുട്ടെരിച്ചു , ഇപ്പോള്‍ കുട്ടികളാണ് ലക്ഷ്യം ; ഇത് രാമന് രാവണന് നല്‍കിയതിലും വലിയ ശിക്ഷയെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ . പദ്മാവത് വിവാദത്തെ തുടര്‍ന്ന് ഗുരുഗ്രാമിലെ സ്കൂള്‍ കുട്ടികള്‍ക്ക് നേരെ കര്‍ണിസേന പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
“ ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും ആഹ്വാനം ചെയ്യുകയാണ്. ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തണം. അവര്‍ മുസ്ലീങ്ങളെ കൊന്നൊടുക്കി , ദളിതരെ ചുട്ടെരിച്ചു , ഇപ്പോള്‍ കുട്ടികളെ കല്ലെറിയുകയാണ്. ഈ അവസരത്തില്‍ ഇനിയും മിണ്ടാതിരുന്നുകൂടാ” – കേജരിവാള്‍ പറഞ്ഞു.
ബിജെപിയുടെത് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടിഷ് തന്ത്രമാണ്.അതിനെതിരെ ശക്തമായ ജനവികാരം ഉണ്ടാകണം. കുട്ടികളെ കല്ലെറിഞ്ഞത് രാജ്യത്തെ നാണം കെടുത്തി. രാമന് രാവണന് നല്‍കിയതിലും വലിയ ശിക്ഷയാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.
രാമനും കൃഷ്ണനും ബുദ്ധനും മഹാവീരനും ഗുരുനാനാക്കും മീരയും കബീറും ജീവിച്ച മണ്ണാണ് ഇത് . ഇവിടെ മുഹമ്മദിന്റെയും യേശുവിന്റെയും അനുയായികള്‍ ഉണ്ട്. ഏതു മതക്കാരാണ് കൊച്ചുകുട്ടികളെ കല്ലെറിഞ്ഞത് എന്ന് എല്ലാവര്ക്കും അറിയാം. രാജ്യം 69 ആം റിപബ്ലിക് വര്‍ഷത്തില്‍ രാജ്യത്തെ കുട്ടികളുടെ സുരക്ഷക്കായി ഞാന്‍ ഹൃദയപൂര്‍വ്വം പ്രതിജ്ഞാ ബദ്ധനാണ് എന്നും അദ്ദേഹം പറഞ്ഞു. ഇവിടത്തെ ജനങ്ങള്‍ക്ക് ശാന്തിയും സമാധാനവുമാണ് വേണ്ടത് – കേജരിവാള്‍ പറഞ്ഞു.
രാജ്യമെങ്ങും അലയടിക്കുന്ന പദ്മാവത് വിവാദത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ മൌനത്തെയാണ് കേജരിവാള്‍ രൂക്ഷമായി വിമര്‍ശിച്ചത്