ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികത പരിശോധിക്കേണ്ട കാര്യമില്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍. മുത്തലാഖ് മുസ്‌ലിം വിശ്വാസത്തിന്റെ ഭാഗമാണ്. 1,400 വര്‍ഷമായി തുടരുന്ന വിവാഹമോചന രീതി ഭരണഘടനാ വിരുദ്ധമെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ബോര്‍ഡിനായി ഹാജരായ മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ചോദിച്ചു.
മറ്റുമതവിഭാഗങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടാത്തിടത്തോളം മുസ്‌ലിം സമുദായത്തിന്റെ വിശ്വാസവും ഇഴകീറി പരിശോധിക്കാന്‍ കഴിയില്ല. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലാണ് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.
മുത്തലാഖ് ഇസ്‌ലാമികമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെയും ബോര്‍ഡ് ചോദ്യം ചെയ്തു. രാമന്‍ അയോധ്യയില്‍ ജനിച്ചെന്ന ഹൈന്ദവ വിശ്വാസം പോലെയാണ് മുത്തലാഖ്. 637 ആം ആണ്ടു മുതല്‍ മുത്തലാഖ് നിലവിലുണ്ടായിരുന്നു. അത് ഇസ്‌ലാമികമല്ലെന്നു പറയാന്‍ നമ്മള്‍ ആരാണ്? അതു വിശ്വാസത്തിന്റെ കാര്യമാണ്. ഭരണഘടനാപരമായ സമത്വത്തിന്റെയോ ധര്‍മത്തിന്റെയോ ചോദ്യം അവിടെ ഉയരുന്നില്ലെന്നും കപില്‍ സിബല്‍ അറിയിച്ചു.
മുസ്‌ലിം വിവാഹം എന്നത് മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള കരാറാണ്. വിവാഹമോചനവും അങ്ങനെയാണ്. വിവാഹവും മോചനവും കരാറാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഇതിലെന്താണ് പ്രശ്‌നം? ഹദീസില്‍ (പ്രവാചകനായ മുഹമ്മദ് നബി പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ കൂട്ടാളികള്‍ എഴുതിവച്ചത്) ഇക്കാര്യം പറയുന്നുണ്ട്.
മാത്രമല്ല, എല്ലാവിധത്തിലുമുള്ള തലാഖ് സമ്പ്രദായവും സുപ്രീംകോടതി റദ്ദാക്കുകയാണെങ്കില്‍ കേന്ദ്രം പുതിയനിയമം കൊണ്ടുവരും. ഈ നിയമം പാര്‍ലമെന്റ് അംഗീകരിച്ചില്ലെങ്കിലോയെന്നും സിബല്‍ ചോദിച്ചു. പുതിയനിയമം കൊണ്ടുവരുമെന്ന് കേന്ദ്രം നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.