മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധി വന്ന് രണ്ടു ദിവസത്തിനു ശേഷം ഉത്തര്‍പ്രദേശില്‍ വീണ്ടും മുത്തലാഖ് ചൊല്ലി വിവാഹമോചനം.
ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയിലെ അഞ്ചംഗ ബഞ്ചിന്റെ വിധി വന്നതിനുശേഷം ഇത്തരത്തിലുള്ള ആദ്യത്തെ സംഭവം ആണിത്.
മീററ്റ് സ്വദേശിയായ സിറാജ് ഖാന്‍ ആണ് ഭാര്യ അര്‍ഷി നിദയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയത്. ആറു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ട്.
വിവാഹം കഴിഞ്ഞയുടന്‍ തന്നെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു കൊണ്ട് തന്റെ മകളെ സിറാജും കുടുംബവും മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് നിദയുടെ പിതാവ് സബ്രീന്‍ പറയുന്നു.
സിറാജ് മറ്റൊരാളെ വിവാഹം ചെയ്യുമെന്നു വരെ പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
അര്‍ഷി മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചു കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും സാന്‍ഡ്രോ കാറും 1 ലക്ഷം രൂപയും കൊണ്ടല്ലാതെ തിരിച്ചു ചെല്ലരുതെന്ന് ആജ്ഞാപിച്ചതായും സബ്രീന്‍ പറയുന്നു.