ക്രൈം ഡെസ്ക്
തൃശൂർ: മട്ടൻ ബിരിയാണി കിട്ടാതിരുന്നതിനെ തുടർന്നുണ്ടായിരുന്ന തർക്കത്തിൽ, മദ്യലഹരിയിലായിരുന്ന നടിയും കൂട്ടുകാരും ചേർന്ന് ഹോട്ടൽ അടിച്ചു തകർത്തു. സംഭവത്തിൽ അക്രമാസക്തരായ നടിമാർ ഹോട്ടൽ മാനേജരെ മർദിക്കുകയും, അസഭ്യം പറയുകയും ചെയ്തു. സീരിയൽ നടി തൃശൂർ കുന്നംകുളം പുനഞ്ചേരി വീട്ടിൽ അനുജൂബി (23) നടിയുടെ സുഹൃത്തുക്കളായ മംഗലാപുരം ബന്തർ സോണ്ടിഹത്തലു സ്വദേശിനി മുനീസ (21), എറണാകുളം പാലാരിവട്ടം ആലിത്തലമൂട്ടിൽ നവാസ്, പൂവാട്ടുപറമ്പ് സ്വദശി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കോഴിക്കോട് റഹമത്ത് ഹോട്ടലിലായിരുന്നു അക്രമ സംഭവങ്ങൾ ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സീരിയൽ നടി അടങ്ങുന്ന നാലംഗ സംഘം ഹോട്ടലിൽ എത്തിയത്. തുടർന്നു ഹോട്ടലിൽ കയറിയ ഇവർ വെയിറ്ററോടു മട്ടൻ ബിരിയാണി നൽകണമെന്ന് ആവശ്യപ്പെട്ടു. മട്ടൻ ബിരിയാണി തീർന്നു പോയെന്നു ഹോട്ടൽ ജീവനക്കാരൻ നടിയോടു പറഞ്ഞു. ഇതിനു പിന്നാലെ ക്ഷുഭിതയായ നടി ഹോട്ടൽ ജീവനക്കാരനെ പിടിച്ചു തളളി. തള്ളേറ്റ് നിലത്തു വീണ ഇയാൾ എഴുന്നേറ്റു വന്നതോടെ നടി ഇയാളെ ചവിട്ടി. അതിക്രമം കണ്ട് ഇടപെടാനെത്തിയ ഹോട്ടലിലെ മറ്റു ജീവനക്കാരെയും സംഘം ആക്രമിച്ചു.
ഒടുവിൽ പൊലീസും നാട്ടുകാരും ചേർന്നാണ് നടിയെയും സുഹൃത്തുക്കളെയും കീഴ്പ്പെടുത്തിയത്. സംഭവത്തിൽ നടിക്കും സുഹൃത്തുക്കൾക്കും എതിരെ പൊലീസ് കേസെടുത്തു.