![](https://dailyindianherald.com/wp-content/uploads/2017/03/MV-jayarajan-l.jpg)
തിരുവനന്തപുരം :സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും. എംവി ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തീരുമാനിച്ചു. അടുത്ത ദിവസം തന്നെ നിയമന ഉത്തരവ് പുറത്തിറങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ചുമതലക്കാരി അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ്. എസ് എം വിജയാനന്ദ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോള്‍ നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകും. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കരുത്ത് ചോരാന്‍ സാധ്യതയുളല്‍തിനാലാണ് അതിശക്തനായ സിപിഐഎമ്മുകാരനെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നത്.
നിലവില്‍ ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാണ് എംവി ജയരാജന്‍. പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശനാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ നിലവിലെ സംസ്ഥാന സമിതി അംഗം. ഇതിനൊപ്പമാണ് എംവി ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നത്. എം ശിവശങ്കരനാണ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ മുഖ്യമന്ത്രിയുടെ നിലവിലുള്ള പ്രൈവറ്റ് സെക്രട്ടറി. ഐടി സെക്രട്ടറികൂടിയാണ് ശിവശങ്കരന്‍. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഈ മാസം 31 ന് വിരമിക്കും. ഇതോട നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറിയാകും. ഈ സാഹചര്യത്തിലാണ് ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഏല്‍പ്പിക്കുന്നത്. നളിനി നെറ്റോ പോകുന്നതോടെ മറ്റ് വകുപ്പുകളില്‍ ഏകോപനം ഉണ്ടാകണം എന്നതിനാലാണ് ജയരാജനെ നിയമിക്കുന്നത്.
വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി എസ് രാജേന്ദ്രനെയും പൊളിറ്റിക്കല്‍ സെക്രട്ടറിയായി കെഎന്‍ ബാലഗോപാലിനെയും നിയോഗിച്ചിരുന്നു. ബാലഗോപാല്‍ രാജ്യസഭയിലേക്ക് പോയപ്പോള്‍ സംസ്ഥാന സമിതി അംഗമായ സിപി നാരായണനെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കി. ഇകെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ പി ശശിയായിരുന്നു പൊളിറ്റിക്കല്‍ സെക്രട്ടറി. ഒന്‍പതു മാസമായി ഭരണം ഇഴഞ്ഞു നീങ്ങുകയാണെന്ന വിമര്‍ശനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിലും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ധാരണയായത്.