![](https://dailyindianherald.com/wp-content/uploads/2016/02/MV-NIKESHH.png)
തൊടുപുഴ: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയുമായ നികേഷ് കുമാറിനും ഭാര്യ റാണി വര്‍ഗീസിനുമെതിരെ തട്ടിപ്പ് കേസ്. തൊടുപുഴ പോലീസ് സ്റ്റേഷനിലാണ് 2016/235 എന്ന ക്രൈംനമ്പര്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. ഒന്നര കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്ന് പരാതിയിലാണ് ഇന്നലെ തൊടുപുഴ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ നികേഷ് കുമാറിനെയും ഭാര്യയെയും പോലീസ് ചോദ്യം ചെയ്യും. ഏഷ്യനെറ്റിലൂടെ മാധ്യമ പ്രവര്‍ത്തനമാരംഭിച്ച് ഇന്ത്യവിഷന്റെ സ്ഥാപകനായും പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലും തുടങ്ങിയ നികേഷ് കുമാറിനെതിരെ ഓഹരി ഉടമകള്‍ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
തൊടുപുഴയിലെ കോണ്‍ഗ്രസ് നേതാവ് സി.പി മാത്യുവിന്റെ ഭാര്യ കരിമണ്ണൂര്‍ കോയിക്കത്താനത്ത് ലാലി ഇടുക്കി എസ്.പിക്ക് നല്കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി. ഈ പരാതി തൊടുപുഴ ഡിവൈഎസ്പിക്ക് കേസെടുക്കാനായി എസ്.പി കൈമാറുകയായിരുന്നു. തൊടുപുഴ സ്റ്റേഷനില്‍ എഫ്ഐആര്‍ തയ്യാറാക്കി 406,420,465,467,468,471 എന്നിങ്ങനെയുള്ള വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.
2010ല്‍ നികേഷ് ആരംഭിച്ച ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനലിന്റെ(റിപ്പോര്‍ട്ടര്‍)ഷെയറായി ലാലിയില്‍ നിന്നും ഒന്നരക്കോടി രൂപ നികേഷിന്റെ കമ്പനി വാങ്ങി. തൊടുപുഴയിലെ സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് മുഖേനയാണ് ഈ തുകയുടെ ചെക്ക് മാറിയെടുത്തത്. ഒന്നരക്കോടി നല്കിയപ്പോള് ചാനലിന്റെ പ്രധാന പോസ്റ്റും ആയിരം രൂപയുടെ ഒന്നരലക്ഷം ഷെയറും നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ലാലിയുടെ പേരില്‍ ഷെയര്‍ നല്‍കാതെ വ്യാജ രേഖകളുണ്ടാക്കി ഷെയര്‍ കൈമാറ്റം നടത്തിയെന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്.