![](https://dailyindianherald.com/wp-content/uploads/2016/04/NIKESH-1.png)
തിരുവനന്തപുരം: അഴിക്കോട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എംവി നികേഷ്‌കുമാറിനെതിരെ കുരുക്ക് മുറുകുന്നു. റിപ്പോര്‍ട്ടര്‍ ടിവി വൈസ് ചെയര്‍മാന്‍ ലാലി ജോസഫിന്റെ ഓഹരികള്‍ വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത കേസില്‍ എംവി നികേഷ് കുമാറിനെതിരെ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഡിജിപി ടിപി സെന്‍കുമാറിന് നല്‍കിയ കത്ത്് പുറത്തായി.
നികേഷും ഭാര്യ റാണിയും നടത്തിയ ഓഹരി തട്ടിപ്പിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ശക്തമായ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടാണ് വിഎസ് ഡിജിപിക്ക് കത്തു നല്‍കിയത്.
വിഎസ് ഡിജിപിക്ക് നല്‍കിയ കത്ത് ഇങ്ങനെ ‘ റിപ്പോര്‍ട്ടര്‍ ടിവി വൈസ് ചെയര്‍മാന്‍ ലാലി ജോസഫിനെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഡയറക്ടര്‍ ആക്കാമെന്നും സിംഹഭാഗം ഇക്വറ്റി ഓഹരികള്‍ നല്‍കാമെന്നും ഉറപ്പു നല്‍കി റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങുന്നതിന് വേണ്ടി ശ്രീമതി ലാലി ജോസഫിന്റെ കൈയില്‍ നിന്നും ഒന്നരക്കോടി രൂപ വാങ്ങിയ ശേഷം കമ്പനിയുടെ ഘടന രഹസ്യമായി മാറ്റി നികേഷും ഭാര്യ റാണിയും മാത്രം ഡയറക്ടറായി തട്ടിപ്പ് നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണം.
ശ്രീമതി ലാലി ജോസഫിന് നല്‍കിയ ഇക്വിറ്റി ഷെയറുകള്‍ വ്യാജ രേഖ ചമച്ച് ക്രിമിനല്‍ ഗൂഡാലോചന നടത്തി നികേഷ് കുമാര്‍ തട്ടിയെടുത്തു എന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെ തുടര്‍ന്ന് തൊടുപുഴ പൊലീസ് നികേഷിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും നികേഷ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. നികേഷ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഞാന്‍ ഇതോടൊപ്പം നല്‍കുന്നു. സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ ഈ ഓഹരിത്തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെടുന്നു’ .
റിപ്പോര്‍ട്ടര്‍ ടിവി വൈസ് ചെയര്‍മാന്‍ ലാലി ജോസഫ് കന്റോണ്‍മെന്റ് ഹൗസിലെത്തി വിഎസിനെ കണ്ട് അന്വേഷണം അട്ടിമറിക്കുന്നതായി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് രേഖകള്‍ പരിശോധിച്ച് വിഎസ് ഡിജിപിക്ക് കത്ത് നല്‍കിയത്. 54 ചെക്ക് കേസുകളില്‍ നികേഷ് കുമാര്‍ പ്രതിയാണെന്ന് നോമിനേഷനൊടൊപ്പം നല്‍കിയ സത്യാവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.