തന്റെ പിന്തുണ ആര്‍ക്കുമില്ലെന്ന് വ്യക്തമാക്കി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്; ബിജെപിയുള്‍പ്പെടെ ആരുമായും അടുപ്പമില്ല

 

രജനികാന്ത് ബിജെപിയുമായി അടുക്കുന്നു എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ നിഷേധിച്ച് സൂപ്പര്‍താരം. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും താന്‍ പിന്തുണക്കുന്നില്ലെന്ന് സ്‌റ്റൈല്‍മന്നന്‍ രജനികാന്ത്. ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗംഗൈ അമരന്‍ താരവുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പില്‍ രജനികാന്തിന്റെ പിന്തുണ ബിജെപിക്കാണെന്ന തരത്തില്‍ ഉാഹാപോഹങ്ങള്‍ പരന്നു. ഈ സാഹചര്യത്തിലാണ് രജനികാന്ത് തന്റെ നിലപാട് വ്യക്തമാക്കി ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്.

രജനികാന്തിനൊപ്പം ഗംഗൈ അമരന്‍ നില്‍ക്കുന്ന ചിത്രം ചൊവ്വാഴ്ച്ച പുറത്തുവന്നിരുന്നു. സംഗീത സംവിധായകന്‍ കൂടിയായ അമരന്റെ മകനും സംവിധായകനുമായ വെങ്കട് പ്രഭുവാണ് ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചത്. രജനികാന്ത് തന്റെ പിതാവ് രാഷ്ട്രീയ വിജയം ആശംസിച്ചതായും വെങ്കട് പ്രഭു അവകാശപ്പെട്ടിരുന്നു. രജനികാന്ത് ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന തരത്തിലാണ് വെങ്കട് പ്രഭുവിന്റെ ട്വീറ്റ് പ്രചരിക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രജനികാന്തിന്റെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതാണ് മുന്‍കാല ചരിത്രം. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ താരം ജയലളിതയ്ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ജയലളിത വീണ്ടും അധികാരത്തില്‍ വന്നാല്‍ ദൈവത്തിന് പോലും തമിഴ്നാടിനെ രക്ഷിക്കാന്‍ കഴിയില്ലെന്നായിരുന്നു താരത്തിന്റെ പരാമര്‍ശം. രജനിയുടെ വാക്കുകള്‍ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ജയയ്ക്ക് സമ്മാനിച്ചത്. ജയയുടെ മരണശേഷം മുന്‍പരാമര്‍ശത്തില്‍ ഖേദമറിയിച്ച് രജനി രംഗത്തെത്തുന്നതും കണ്ടു.

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരനാണ് ഗംഗൈ അമരന്‍. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍, ഒപിഎസ് വിഭാഗം സ്ഥാനാര്‍ത്ഥി ഇ മധുസൂദനന്‍, ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാറുമാണ് ആര്‍കെ നഗറിലെ മറ്റു സ്ഥാനാര്‍ത്ഥികള്‍. ഏപ്രില്‍ 12നാണ് ആര്‍കെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്.

 

Top