സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വന്തം വീടിരിക്കുന്ന സ്ഥലത്തെ മദ്യശാലയ്‌ക്കെതിരെ സമരം ചെയ്യുന്ന സുധീരനെ പരിഹസിച്ച് സാഹിത്യകാരൻ എൻ.എസ് മാധവൻ. എക്‌സൈസ് ചട്ടങ്ങളിൽ സുധീരന്റെ വീടും മദ്യശാലയും തമ്മിൽ ദുരപരിധി ഇല്ലെന്നു പറഞ്ഞ അദ്ദേഹം, വേണമെങ്കിൽ സുധീരൻ വീട് മാറട്ടെ എന്നും പരിഹസിച്ചു. ട്വിറ്ററിലാണ് എൻഎസ് മാധവൻ സുധീരനെ പരിഹസിച്ച് വാർത്തസഹിതം പോസ്റ്റിട്ടത്.
ഗൗരീശപട്ടത്തെ തന്റെ വീടിന് സമീപം മദ്യശാല വരുന്നതിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെ പരിഹസിച്ചാണ് എൻഎസ് മാധവന്റെ ട്വീറ്റ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പേരൂർക്കടയിൽ അടച്ചു പൂട്ടിയ മദ്യവിൽപ്പന ശാലയാണ് ഗൗരീശപട്ടത്തേക്ക് മാറ്റി സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിനെതിരെ സുധീരന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ രംഗത്ത് വന്നിരുന്നു. മദ്യവിരുദ്ധ നിലപാട് സ്വീകരിക്കുന്ന സുധീരന്റെ വീട്ടിൽ നിന്നും 150 മീറ്റർ അകലെയാണ് പുതിയ മദ്യ വിൽപ്പനശാല വരുന്നത്.
മറ്റൊരിടത്തും സ്ഥലം കിട്ടാതെ വന്നതോടെയാണ് ഗൗരീശപട്ടത്തെ മഹാദേവ ക്ഷേത്രത്തിനും അവിടെയുള്ള ഒരു കോളനിക്ക് സമീപത്തെ ബണ്ട് റോഡിനരികിലേക്കും മദ്യവിൽപ്പന കേന്ദ്രം മാറ്റിസ്ഥാപിക്കാൻ കൺസ്യൂമർ ഫെഡ് സ്ഥലം കണ്ടെത്തുന്നത്. പേരൂർക്കടയിലെ മദ്യവിൽപ്പനകേന്ദ്രം ഇങ്ങോട്ട് മാറ്റി സ്ഥാപിക്കുന്നതിനായി കൺസ്യൂമർഫെഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫിസിൽ അപേക്ഷ നൽകി. എക്സൈസിന്റെ അനുമതി കിട്ടിയാൽ ഇങ്ങോട്ടേക്ക് മദ്യവിൽപ്പന കേന്ദ്രം മാറ്റുമെന്നാണ് വിവരങ്ങൾ.
അതിനിടെയാണ് തന്റെ വീടിന് സമീപം വരുന്ന മദ്യശാലയ്‌ക്കെതിരെ സുധീരൻ സമീപവാസികളെയും കൂട്ടി സമരത്തിനിറങ്ങിയത്. ഇതിന്റെ ഭാഗമായി പ്രതിഷേധ കൂട്ടായ്മ നടത്തുകയും ചെയ്തു. തുടർന്ന് മദ്യശാല ഗൗരിശപട്ടത്ത് സ്ഥാപിക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി. മദ്യത്തിനെതിരെയും മദ്യശാലകൾ മാറ്റിസ്ഥാപിക്കുന്നതിനെതിരെയും കർശന നിലപാട് എടുത്ത സുധീരന്റെ വീടിന് സമീപത്ത് തന്നെ മദ്യവിൽപ്പനശാല സ്ഥാപിക്കാനുള്ള തീരുമാനത്തിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണങ്ങൾ ഇതിനോടകം ഉയർന്നിട്ടുണ്ട്