യുഎസ് ഓപ്പണില്‍ നദാല്‍; 16ാം ഗ്രാന്‍റ്സ്ലാം

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ അട്ടിമറിയോ അദ്ഭുതങ്ങളോ സംഭവിച്ചില്ല. ലോക ഒന്നാം നമ്പര്‍ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ അനായാസം വിജയകിരീടമണിഞ്ഞു. ഫ്‌ളഷിങ് മെഡോസില്‍ നടന്ന കലാശക്കളിയില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനെ നദാല്‍ നിഷ്പ്രഭനാക്കി. രണ്ടു മണിക്കൂറും 28 മിനിറ്റും നീണ്ട പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്പാനിഷ് ഇതിഹാസത്തിന്റെ വിജയം. സ്‌കോര്‍: 6-3, 6-4, 6-4. 31 കാരനായ നദാലിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ ഗ്രാന്റ്സ്ലാം കിരീടനേട്ടമാണിത്. ജൂണില്‍ നടന്ന ഫ്രഞ്ച് ഓപ്പണിലും താരം ജേതാവായിരുന്നു. 2013നു ശേഷം ആദ്യമായാണ് നദാല്‍ ഒരു വര്‍ഷം തന്നെ രണ്ടു ഗ്രാന്റസ്ലാമുകള്‍ക്ക് അവകാശിയാവുന്നത്. യുഎസ് ഓപ്പണ്‍ വിജയത്തോടെ സ്വിസ് ഇതിഹാരം റോജര്‍ ഫെഡററുമായുള്ള അകലം നദാല്‍ മൂന്നാക്കി കുറച്ചു. 19 ഗ്രാന്റ്സ്ലാമുകളുമായി ഫെഡററാണ് പട്ടികയില്‍ തലപ്പത്ത്. ഈ വര്‍ഷം നടന്നത് അവിശ്വസനീയമാണെന്ന് മല്‍സരശേഷം നദാല്‍ പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. പരിക്കുകളും മറ്റും എന്നെ തളര്‍ത്തി. ഇതേ തുടര്‍ന്ന് നല്ല പ്രകടനം കാഴ്ചവയ്ക്കാനുമായില്ല. എന്നാല്‍ ഈ സീസണ്‍ മികച്ച രീതിയില്‍ തന്നെ തുടങ്ങാന്‍ കഴിഞ്ഞെന്നും താരം കൂട്ടിച്ചേര്‍ത്തു.

Top