നാദിർഷായെ ആശുപത്രിയിൽനിന്ന് പൊലീസ് ഡിസ്ചാർജ് ചെയ്യിപ്പിച്ച് കസ്റ്റഡിയിൽ എടുത്തുവെന്ന് സൂചന

കൊച്ചി:കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നിരീക്ഷണത്തിലായിരുന്ന, സംവിധായകനും നടനുമായ നാദിർഷായെ സ്വകാര്യആശുപത്രിയിൽനിന്നു പൊലീസ് ഇടപെട്ട് രാത്രി വൈകി ഡിസ്ചാർജ് ചെയ്യിച്ചെന്നു സൂചന. പോലീസിന്റെ കരുതൽ തടങ്കലിൽ ആണ് നാദിർഷ എന്നും പറയപ്പെടുന്നു.എന്നാൽ നാദിർഷായെ കസ്റ്റഡിയിൽ എടുത്തതായി സ്ഥിരീകരിക്കാൻ പ്രത്യേക അന്വേഷണസംഘം തയാറായില്ല.

കേസിൽ അറസ്റ്റിലായ പ്രതി ദിലീപിനെയും നാദിർഷായെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ തെളിവെടുപ്പ് പൂർത്തിയാകുന്നതോടെ നാദിർഷായെയും അറസ്റ്റുചെയ്യുമെന്ന് സൂചനയുണ്ടായതിനെത്തുടർന്ന് നാദിർഷാ സമർപ്പിച്ച മൂൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിൽ അറസ്റ്റ് തടയണമെന്ന നാദിർഷായുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. നാദിർഷായെ കസ്റ്റഡിയിൽ എടുത്താൽത്തന്നെ വിശദമായ ചോദ്യം ചെയ്യലിനുശേഷമേ അറസ്റ്റിനു സാധ്യതയുള്ളൂ. നാദിർഷാ ഒരു വാഹനത്തിൽ പുറത്തേക്കുപോയതായാണു ദൃക്സാക്ഷികൾ നൽകുന്ന സൂചന. നാദിർഷായുടെ കാർ ആശുപത്രിവളപ്പിൽത്തന്നെയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. ബുധനാഴ്ച ദിലീപ് വീണ്ടും ജാമ്യഹര്‍ജി നല്‍കിയേക്കും. അന്വേഷണ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാകും പ്രതിഭാഗത്തിന്റെ വാദം. ഉപാധികള്‍ പൂര്‍ണ്ണമായി അംഗീകരിച്ച അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുത്തതും കോടതിയില്‍ ചൂണ്ടിക്കാട്ടും.നേരത്തെ രണ്ട് തവണ ഹൈക്കോടതി, ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അറസ്റ്റിലായതിന് പിന്നാലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യപേക്ഷ തള്ളി. ഈ പശ്ചാത്തലത്തിലാണ് ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. ഇന്ന് താരം ജയിലിലായിട്ട് രണ്ട് മാസം പിന്നിടുകയാണ്.അതേസമയം ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കും എന്നത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് സാധ്യത. ദിലീപിനെ അനുകൂലിച്ച് സംസാരിച്ച നടനും എംഎല്‍എയുമായ ഗണേഷ് കുമാറിനെതിരെ അന്വേഷണോദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചിരുന്നു. സിനിമാ രംഗത്ത് നിന്നുള്‍പ്പെടെയുള്ള സാക്ഷികളെ സ്വാധീനിക്കുന്നതാണ് ഗണേഷിന്റെ പ്രസ്താവനയെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.

Top