ഏറെ ആഗ്രഹിച്ചിരുന്നു, മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍; ഈ അവസരം അപ്രതീക്ഷിതം; നദിയ മൊയ്തു

നീണ്ട 34 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും നദിയമൊയ്തുവും ഒന്നിക്കുന്നു. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയിലാണ് മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നത്. 1984 ല്‍ നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ഫാസില്‍ ചിത്രത്തിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ക്രോസ്‌മോഫില്‍ കണ്ണടവച്ച് ശ്രീകുമാറിനെ കളിപ്പിക്കുന്ന ഗേളിയെ മലയാളികള്‍ക്ക് അത്രപെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. നദിയ മൊയ്തുവിന്റെ ആദ്യചിത്രം കൂടിയായിരുന്നു നോക്കെത്താദൂരത്ത് കണ്ണും നട്ട്. തുടര്‍ന്ന് മോഹന്‍ലാലും നാദിയയും പഞ്ചാഗ്‌നിയില്‍ ഒരുമിച്ച് അഭിനയിച്ചെങ്കിലും ലാലിന്റെ നായികയായി വേഷമിട്ടത് ഗീതയായിരുന്നു. അതിനുശേഷം നീരാളിയിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികള്‍ വീണ്ടുമെത്തുന്നത്. നോക്കത്താദൂരത്ത് കണ്ണും നട്ട് ചിത്രത്തിന്റെ വമ്പന്‍വിജയത്തിനുശേഷം തമിഴിലും തെലുങ്കിലും തിരക്കിലായ നാദിയ കല്യാണത്തിനുശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നു. മുംബൈയില്‍ കുടുംബജീവിതത്തിന്റെ തിരക്കിലായ നദിയ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് മമ്മൂട്ടി ചിത്രമായ ഡബിള്‍സിലൂടെയായിരുന്നു. തുടര്‍ന്ന് സെവന്‍സ്,ആറു സുന്ദരികളുടെ കഥ, ഇംഗ്ലീഷ്, എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. നീരാളിയില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് നദിയയ്ക്ക്. മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നത് അപ്രതീക്ഷിതവും ഏറെ ആഗ്രഹിച്ചിരുന്നതുമാണെന്ന് നദിയ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ നായികയായി മീരാ ജാസ്മിനും പാര്‍വതി നമ്പ്യാരും എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മീരാ ജാസ്മിന്‍ നായികയാവുമെന്ന വാര്‍ത്ത അണിയറപ്രവര്‍ത്തകര്‍ തള്ളിയിരുന്നു. നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്. ഒരു പ്രശസ്ത ബോളിവുഡ് താരവും ഈ പ്രൊജക്ടിന്റെ ഭാഗമാകുമെന്നറിയുന്നുണ്ട്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ഷെഡ്യൂളില്‍ 15 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ഈ പ്രോജക്ടിനായി നല്‍കിയിരിക്കുന്നത്. മുംബൈയില്‍ നീരാളിയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Top