നാഗര്‍കോവില്‍: രണ്ട് കോടിയ്ക്ക് മേലെ കടം വരുത്തിയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് പണികൊടുത്ത് മലയാളി. 2.42 കോടി ബാക്കിവച്ച തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ടിന്റെ 50 ബസുകള്‍ ജപ്തിചെയ്യാന്‍ കോടതിയുത്തരവ്. ഇതേത്തുടര്‍ന്ന് ബുധനാഴ്ച 10 ബസുകള്‍ ജപ്തിചെയ്തു.
രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെ ഉടമസ്ഥതയിലുള്ള റൈമന്‍ഡ്‌സ് റബ്ബര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് തുക നല്‍കാനുള്ളത്. തിരുനെല്‍വേലി മണ്ഡലത്തിലെ ബസുകളുടെ ടയര്‍ റീട്രെഡ് ചെയ്യാന്‍വേണ്ടി റബ്ബര്‍ മോള്‍ഡ് വാങ്ങിയ ഇനത്തിലാണ് തുക കുടിശ്ശികയായത്.
തുക ലഭിക്കാതായപ്പോള്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ നാഗര്‍കോവില്‍ ജില്ലാക്കോടതിയില്‍ കേസ് കൊടുത്തു. മാര്‍ച്ച് 24ന് കുടിശ്ശിക തീര്‍ക്കണമെന്ന് മാര്‍ച്ച് 18ന് ജില്ലാ ജഡ്ജി ഉത്തരവിട്ടു.ഇതു പാലിക്കാത്തതിനാലാണ് 50 ബസുകള്‍ ജപ്തി ചെയ്യാന്‍ കോടതി ബുധനാഴ്ച ഉത്തരവിട്ടത്.
ബുധനാഴ്ച വൈകുന്നേരം വടശ്ശേരി ബസ്റ്റാന്‍ഡില്‍ നിര്‍ത്തിയിരുന്ന 10 ബസുകള്‍ കോടതി ജീവനക്കാര്‍ ജപ്തിചെയ്തു. തുകയടച്ച് ജപ്തി നടപടി തടയാനുള്ള ശ്രമം നടക്കുന്നതായി ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ അറിയിച്ചു