ന്യൂഡല്‍ഹി: കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലായിരുന്നു കേരളത്തില്‍ പ്രൊഫഷണല്‍ പരസ്യ കമ്പനികളുടെ ശക്തമായ ഇടപെടല്‍ നടന്നത്. മാര്‍ക്കറ്റില്‍ ഉല്‍പ്പനങ്ങല്‍ വിറ്റഴിക്കാന്‍ പരസ്യവാചകം തയ്യാറാക്കുന്ന കമ്പനികള്‍ തിരഞ്ഞെടുപ്പു ഗോദയിലും തങ്ങളുടെ കഴിവുകളുമായി രംഗത്തെത്തി. ഇങ്ങനെയാണ് ഇടതുമുന്നണിയക്ക് ഹിറ്റായ പരസ്യവാചകമുണ്ടായത് …എല്‍ ഡി എഫ് വരും എല്ലാം ശരിയാകും. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ മൈലേജ് കൂട്ടിയതിന് പിന്നില്‍ ഈ പരസ്യ വാചകത്തിനും പങ്കുണ്ട്
അത്തരത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പ്രത്യേകം പരസ്യവാചകം തയ്യാറാക്കി പ്രചരണത്തിന് ഒരുങ്ങിയിരിക്കുകയാണ് ബിജെപി. ‘അസാധ്യമായത് ഇപ്പോള്‍ സാധ്യമായി'(നാമുംന്‍കിന്‍ അബ് മുന്‍കിന്‍ ഹേ) എന്ന പരസ്യ വാചകമായിരിക്കും ബിജെപിയുടെ തുറുപ്പ് ചീട്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പ്രചരണ പരിപാടികള്‍ ബിജെപി സജീവമാക്കും. സര്‍ക്കാരിന്റെ വികസന പദ്ധതികളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കാന്‍ മന്ത്രിമാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ച് ജനങ്ങളെ അവബോധിപ്പിക്കും. നിലവില്‍ പദ്ധതികളെല്ലാം എങ്ങനെ സാധ്യമായെന്നും എത്രപേര്‍ക്ക് ഉപകാരപ്രദമായെന്നും വിവരിക്കുന്ന ചെറു കുറിപ്പുകളും തയ്യാറാക്കി നല്‍കും.
ആയുഷ്മാന്‍ ഭാര്, ഉജ്ജ്വല യോജന, പ്രധാന്‍മന്ത്രി ആവാസ് യോജന, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, ജന്‍ ധന്‍ യോജന, കിസാന്‍ ക്രെഡിറ്റ് എന്നീ പദ്ധതികളെ കുറിച്ചാകും കൂടുതല്‍ വിശകലനങ്ങള്‍ തയ്യാറാക്കുക. നേരിട്ടെത്തി ജനങ്ങളെ അറിയിക്കുന്നത് കൂടാതെ സോഷ്യല്‍ മീഡിയയേയും മറ്റ് അച്ചടി മാധ്യമങ്ങളേയും ഇതിനായി ഉപയോഗിക്കും. പാര്‍ട്ടി പ്രവര്‍ത്തകരായിരിക്കും വീടുകളില്‍ പ്രചരണം നടത്തുക.