
ന്യുയോർക്ക് :ചൈന ഉയർത്തുന്ന കടുത്ത പ്രതിഷേധത്തിനിടെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തയ്‌വാനിൽ. ചൈനയെ വെല്ലുവിളിച്ചുകൊണ്ടാണ് അമേരിക്കൻ സ്പീക്കർ നാൻസി പെലോസി തായ്‌വാനിൽ എത്തിയത് . നാൻസി പെലോസി തായ്‌വാനിൽ എത്തിയാൽ അമേരിക്ക കനത്ത വില നൽകേണ്ടി വരുമെന്ന് ചൈന ഭീഷണി മുഴക്കിയിരുന്നു.
തായ്‌വാനിൽ ഇടപെട്ടാൽ അത് ‘ തീ കൊണ്ടുള്ള കളി’ ആകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പും നൽകി. ഈ ഭീഷണികളും മുന്നറിയിപ്പും തള്ളിയാണ് പെലോസി തായ‍്‍വാനിലെത്തിയത്.
നാൻസി പെലോസിയുടെ സന്ദർശനത്തിന് തൊട്ടുമുൻപ് ചൈനയുടെ യുദ്ധവിമാനങ്ങൾ തായ്‌വാൻ അതിർത്തി കടന്ന് പറന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. ചൈനീസ് പ്രകോപനത്തിന് പിന്നാലെ അമേരിക്കൻ പടക്കപ്പലുകൾ ജപ്പാനിൽ നിന്ന് തായ‍്‍വാനിലേക്ക് തിരിച്ചു.പെലോസിയുടെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷയാണ് തായ്പേയ് വിമാനത്താവളത്തിലും ഒരുക്കിയിട്ടുണ്ട്.തയ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നൽകുന്നതിനാണ് ഈ സന്ദർശനമെന്ന് തയ്‌വാനിലെത്തിയ നാൻസി പെലോസി ട്വീറ്റ് ചെയ്തു. അതേസമയം പെലോസിയുടെ സന്ദർശനത്തെ ‘തീക്കളി’ എന്നു വിശേഷിപ്പിച്ച ചൈന, പ്രതിഷേധം കടുപ്പിച്ചു.
ഇതിന്റെ ഭാഗമായി തയ്‌വാൻ കടലിടുക്കിനെ വിഭജിക്കുന്ന അതിർത്തിക്ക് വളരെയടുത്തുവരെ ചൈനയുടെ യുദ്ധവിമാനങ്ങൾ എത്തി പ്രകോപനം സൃഷ്ടിച്ചു. പെലോസി തയ്‌വാനിലേക്കു പോകുന്നതിനെതിരെ പലതവണ ചൈന മുന്നറിയിപ്പു നൽകിയിരുന്നു.വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ നാലു യുദ്ധക്കപ്പലുകള്‍ യുഎസ് തയ്‌വാന്റെ കിഴക്കായി കടലിൽ വിന്യസിച്ചു.
പതിവു നടപടികളുടെ ഭാഗമായാണ് ഇതെന്നാണ് വിശദീകരണം. ദക്ഷിണ ചൈന കടലിലൂടെ പോയ യുഎസ്എസ് റൊണാൾഡ് റീഗൻ ഇപ്പോൾ തയ്‌വാനു കിഴക്ക് ഫിലിപ്പീൻസ് കടലിലുണ്ട്. യുഎസ്എസ് ആന്റിയെറ്റാം, യുഎസ്എസ് ഹിഗ്ഗിൻസ് എന്നിവയും റൊണാൾഡ് റീഗന് ഒപ്പമുണ്ട്. യുഎസ്എസ് ട്രിപ്പൊളിയും മേഖലയിലുണ്ട്.ഏതു വിദേശ അതിഥികൾ വന്നാലും ഹാർദ്ദമായ സ്വാഗതമെന്ന് തയ്‌വാൻ പ്രധാനമന്ത്രി സു സെങ് ചാങ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഔദ്യോഗിക നയതന്ത്ര ബന്ധം ചൈനയുമായി മാത്രമാണെന്നും തയ്‌വാനുമായുള്ളത് ദൃഢമായ അനൗദ്യോഗിക ബന്ധമാണെന്നുമാണ് യുഎസിന്റെ നിലപാട്.
25 വർഷത്തിനിടെ തായ്‌വാൻ സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന അമേരിക്കൻ നേതാവാണ് യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ ആയ നാൻസി പെലോസി. തൻ്റെ പ്രതിനിധി ആയല്ല നാൻസി പെലോസി തായ്‌വാനിലേക്ക് പോകുന്നത് എന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ അറിയിച്ചിരുന്നു.പെലോസിയെ തടയില്ലെന്നും അവർക്ക് തായ്‌വാൻ സന്ദർശിക്കാൻ എല്ലാ അവകാശവും ഉണ്ടെന്നും ആയിരുന്നു വൈറ്റ് ഹൗസ് നിലപാട്. ഏഷ്യൻ പര്യടനത്തിൻ്റെ ഭാഗമാണ് തൻ്റെ സന്ദർശനം എന്നും ഇത് അമേരിക്കയുടെ വിദേശകാര്യ നയത്തിന് വിരുദ്ധമല്ലെന്നും നാൻസി പെലോസി തായ്‌വാനിൽ ഇറങ്ങിയ ശേഷം പ്രസ്താവനയിൽ അറിയിച്ചു.
രണ്ടരക്കോടി ജനങ്ങൾ ഉള്ള തായ്‌വാൻ തങ്ങളുടെ പ്രവിശ്യയാണ് എന്നാണ് ചൈനയുടെ അവകാശവാദം. തായ‍്‍വാന്റെ നയങ്ങളിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്ന നിലപാടാണ് എല്ലാ കാലത്തും ചൈന സ്വീകരിക്കുന്നത്. തായ‍്‍വാനിൽ ഇടപെടാനുള്ള അമേരിക്കൻ നീക്കത്തെ ഈ കാലമത്രയും ചൈന എതിർത്തിരുന്നു. ഇത് മറികടന്ന് തായ‍്‍വാൻ സന്ദർശിക്കാനുള്ള പെലൊസിയുടെ നീക്കം ചൈനയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ചൈനയുടെ പ്രതികരണം.
പെലൊസിയുടെ സന്ദർശന ശേഷം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കെല്ലാം ഉത്തരവാദി അമേരിക്കയാണെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തായ‍്‍വാൻ വിഷയത്തിൽ ചൈനീസ് നിലപാടിന് റഷ്യയുടെ പിന്തുണയുണ്ട്. എന്നാൽ ചൈനയുടെ നിലപാട് തായ‍്‍വാൻ അംഗീകരിക്കുന്നില്ല. അതേസമയം, ഓദ്യോഗിക ബന്ധം ചൈനയുമാണെന്നും തായ‍്‍വാവാനുമായുള്ളത് അനൗദ്യോഗികമായ ദൃഢബന്ധമെന്നാണ് അമേരിക്കൻ നിലപാട്.