തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ ബിരുദവും വളഞ്ഞവഴിയിലൂടെ നേടിയതാണെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍വകലാശാല നിയമങ്ങള്‍ സ്വന്തം മകള്‍ക്ക് വേണ്ടി പിതാവ് നാരാണയണന്‍ നായര്‍ അട്ടിമറിയ്ക്കുകയായിരുന്നെന്ന വാര്‍ത്തയാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേരള സര്‍വ്വകലാശാലയിലെ നിയമ വിഭാഗത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം എന്നും നാരായണന്‍ നായരുടെ കൈയിലായിരുന്നു. നാരായണന്‍ നായര്‍ വിചാരിക്കുന്നത് ഏത് സര്‍ക്കാര്‍ വന്നാലും ചെയ്യുമായിരുന്നു. ലോ അക്കാദമിയുടെ നിയമലംഘനങ്ങള്‍ക്കെതിരെ ആരും നടപടിയെടുക്കാത്തതും അതുകൊണ്ടാണ്. നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ആരെ നിയമിക്കണമെന്ന് പോലും തീരുമാനിച്ചു. അതുകൊണ്ട് തന്നെയാണ് ലക്ഷ്മി നായരെ അഡ്വക്കേറ്റാക്കാന്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്താന്‍ നാരായണന്‍ നായര്‍ക്ക് കഴിഞ്ഞതെന്നാണ് വിലയിരുത്തല്‍.
ലക്ഷ്മി നായര്‍ക്കായി എങ്ങനെയാണ് നാരായണന്‍ നായര്‍ നിയമം വളച്ചൊടിച്ചതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്. ലാറ്ററല്‍ എന്‍ട്രിയിലൂടെ വഴിവിട്ടാണ് എല്ലാം സാധിച്ചതെന്നാണ് സൂചന. ബിരുദം കഴിഞ്ഞവര്‍ക്ക് പഞ്ചവത്സര എല്‍എല്‍.ബി.യുടെ മൂന്നാം വര്‍ഷത്തില്‍ പ്രവേശനം നല്‍കുന്നതിന് കേരള സര്‍വകലാശാല ഇടക്കാലത്ത് തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ ആനുകൂല്യത്തിലാണ് ലക്ഷ്മി പഞ്ചവര്‍ഷ എല്‍എല്‍.ബി.യുടെ മൂന്നാം വര്‍ഷത്തില്‍ ചേരുന്നത്.
എന്നാല്‍, ബാര്‍ കൗണ്‍സിലിന്റെ അംഗീകാരം തേടാതെയാണ് പഞ്ചവര്‍ഷ എല്‍എല്‍.ബി.ക്ക് ലാറ്ററല്‍ എന്‍ട്രി അനുവദിച്ചത്. നിബന്ധനകള്‍ പാലിച്ചില്ല എന്നതിനാല്‍ ബാര്‍ കൗണ്‍സില്‍ ഇതിന് അനുമതി നിഷേധിച്ചു. ഇതോടെ ലാറ്ററല്‍ എന്‍ട്രി സംവിധാനം സര്‍വകലാശാലയും അവസാനിപ്പിച്ചു. നിയമവിരുദ്ധമായതിനാല്‍ തിരുവനന്തപുരം ലോ കോളേജ് അന്ന് എല്‍എല്‍.ബി.ക്ക് ലാറ്ററല്‍ എന്‍ട്രി നടപ്പാക്കിയില്ല. ലോ അക്കാദമി ഡയറക്ടറായ നാരായണന്‍ നായരാണ് ലാറ്ററല്‍ എന്‍ട്രി അനുവദിപ്പിക്കാന്‍ അന്ന് മുന്‍കൈയെടുത്തത്. മകള്‍ ലക്ഷ്മി നായരടക്കം ഏതാനും പേര്‍ അതുവഴി ലോ അക്കാദമിയില്‍ ചേര്‍ന്നു.
1984-85ലാണ് പഞ്ചവത്സര എല്‍എല്‍.ബി. തുടങ്ങുന്നത്. ഈ ബാച്ച് മൂന്നുവര്‍ഷമായപ്പോള്‍ ലാറ്ററല്‍ എന്‍ട്രിക്ക് അനുമതിനല്‍കി. ചരിത്രത്തില്‍ ബിരുദം നേടി ലക്ഷ്മി നായര്‍ വരുന്നതും ഈ വര്‍ഷം തന്നെ. ഇന്റേണല്‍ മാര്‍ക്കും മറ്റുമുള്ളതിനാല്‍ പാസാകാന്‍ എളുപ്പം പഞ്ചവത്സര കോഴ്‌സാണെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ ചെയ്തതെന്ന വ്യാഖ്യാനമാണ് സജീവമാക്കുന്നത്. അവസാനവര്‍ഷ എല്‍എല്‍.ബി.ക്ക് പഠിക്കുമ്പോള്‍ത്തന്നെ ലക്ഷ്മി നായര്‍ ലോ അക്കാദമിയില്‍ ചരിത്രവിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപികയായി. ഇതിനിടെ ആന്ധ്രയിലെ വെങ്കിടേശ്വര സര്‍വകലാശാലയില്‍നിന്ന് ഹിസ്റ്ററി എം.എ. പാസായി. രണ്ടു കോഴ്‌സിന് ഒരേസമയം പഠിക്കാന്‍ വ്യവസ്ഥയില്ല.
അങ്ങനെ പഠിച്ചാല്‍ കേരള സര്‍വകലാശാലാ നിയമപ്രകാരം ഇവിടെ പഠിച്ച കോഴ്‌സ് റദ്ദാകും. ഈ വ്യവസ്ഥയനുസരിച്ചും ലക്ഷ്മി നായരുടെ എല്‍എല്‍.ബി. ബിരുദത്തിന്റെ സാധുത ചോദ്യംചെയ്യപ്പെടുന്നു. പഞ്ചവത്സര കോഴ്‌സിന്റെ മൂന്നാം വര്‍ഷത്തില്‍ ചേര്‍ന്നതിനാല്‍ പഞ്ചവത്സര കോഴ്‌സിലോ ത്രിവത്സര കോഴ്‌സിലോ ഇവരെ ഉള്‍പ്പെടുത്തേണ്ടത് എന്നത് സര്‍വകലാശാലയില്‍ തര്‍ക്കമായിരുന്നു. എല്‍എല്‍.ബി. സര്‍ട്ടിഫിക്കറ്റ് ലക്ഷ്മി നായര്‍ വാങ്ങിയതായി സര്‍വകലാശാലാ രേഖകളിലുമില്ല.
എല്‍എല്‍.ബി. അവസാനവര്‍ഷത്തില്‍ ലക്ഷ്മി നായര്‍ക്ക് ഭേദപ്പെട്ട മാര്‍ക്കുണ്ടായിരുന്നു. റാങ്ക് നിശ്ചയിക്കാന്‍ അവസാനവര്‍ഷത്തെ മാര്‍ക്ക് മാത്രം പരിഗണിച്ചാല്‍ മതിയെന്ന് കേരള സര്‍വകലാശാല തീരുമാനിച്ചു. നാരായണന്‍ നായരുടെ സ്വാധീനമായിരുന്നു ഇതിനുപിന്നില്‍. ഇതിനെതിരേ ആദ്യവര്‍ഷം മുതല്‍ നല്ല മാര്‍ക്കുള്ള ഗവ. ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ കേസിനുപോയി അനുകൂല വിധി സമ്പാദിച്ചുവെന്നും മാതൃഭൂമി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.