ചായവില്‍പ്പനക്കാരന്‍ പ്രധാനമന്ത്രിയാകുന്നത് ആര്‍ക്കും ദഹിക്കുന്നില്ല; തന്നെ തകര്‍ക്കാന്‍ വിദേശ ഫണ്ട് പറ്റിന്ന സംഘടനകള്‍ ശ്രമിക്കുന്നെന്ന് നരേന്ദ്രമോഡി

ഒഡീഷ: വിശ്വാസ്യത നശിച്ച എന്‍ജിഒകളും കരിഞ്ചന്തക്കാരും ചേര്‍ന്ന് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും തന്നെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ഈ ഗൂഢാലോചനക്കാര്‍ക്ക് കീഴടങ്ങുന്ന പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഒഡീഷയിലെ ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു ചായവില്‍പ്പനക്കാരന്‍ പ്രധാനമന്ത്രിയായിരിക്കുന്നത് ചിലര്‍ക്ക് ദഹിക്കുന്നില്ലെന്നും അതിനാലാണ് അവര്‍ അദ്ദേഹത്തെ താഴെയിറക്കാന്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി തുറന്നടിച്ചു.

‘എനിക്കെതിരായ ആക്രമണം വര്‍ധിച്ചിരിക്കുന്നത് അടുത്തിടെയായി നിങ്ങള്‍ കാണുന്നുണ്ടല്ലോ. ചിലര്‍ നിരന്തരം അതാണ് ചെയ്യുന്നത്. മോദി പ്രധാനമന്ത്രിയായിരിക്കുന്നത്, ഒരു ‘ചായ്‌വാലാ’ പ്രധാനമന്ത്രിയായിരിക്കുന്നത് അവര്‍ക്ക് സഹിക്കുന്നില്ല’, പടുകൂറ്റന്‍ കര്‍ഷകറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ചില നടപടികളെടുത്തത് ചിലര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്ന് ആരുടെയും പേര് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു. വിദേശഫണ്ട് സ്വീകരിക്കുന്ന എന്‍ജിഒകളോട് കണക്ക് കാണിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും മോദി പറഞ്ഞു. ‘പണം വന്നോട്ടെ. പക്ഷെ അതിന്റെ കണക്ക് കാണിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പണത്തിന്റെ കണക്ക് ചോദിച്ച നിമിഷം മുതല്‍ മോദിയെ പ്രഹരിക്കണമെന്ന് ഇക്കൂട്ടര്‍ ഒറ്റക്കെട്ടായി ആക്രോശിക്കുകയാണ്. വരുന്ന പണം എന്തിന് ചെലവഴിക്കുന്നുവെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം. അതാണ് നിയമം,’ മോദി വ്യക്തമാക്കി.

വരവുചെലവ് കണക്കുകള്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതുമുതല്‍ എല്ലാ എന്‍ജിഒകളും ഒന്നിച്ച് മോദിയെ എങ്ങനെ അവസാനിപ്പിക്കാം, മോദിസര്‍ക്കാരിനെ എങ്ങനെ മാറ്റാം, മോദിയെ എങ്ങനെ അപകീര്‍ത്തിപ്പെടുത്താം എന്ന് ഗൂഢാലോചന നടത്തുകയാണ്, പ്രധാനമന്ത്രി പറഞ്ഞു. പക്ഷെ രാജ്യത്തിന്റെ ഈ രോഗം മാറ്റാന്‍ എന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണെന്നും അതാണ് താന്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ആഹല്‍ദാരവത്തിനിടെ മോദി പ്രഖ്യാപിച്ചു.
‘എനിക്കെതിരെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ.

നിങ്ങള്‍ എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച ചുമതലയില്‍നിന്ന് വ്യതിചലിക്കുന്ന പ്രശ്‌നമേയില്ല. ഞാന്‍ ഇവിടംകൊണ്ട് നിര്‍ത്താനും പോകുന്നില്ല. കീഴടങ്ങാനും പോകുന്നില്ല. രാജ്യത്തെ നശിപ്പിക്കാനോ കൊള്ളചെയ്യാനോ അനുവദിക്കില്ല,’ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Top