റദ്ദായ നോട്ടുകളുടെ 90 ശതമാനം ബാങ്കിലെത്തി കള്ളപ്പണം എവിടെ ?നട്ടം തിരിഞ്ഞ് കേന്ദ്രം

ന്യൂഡൽഹി: നോട്ട് നിരോധനത്തിൽ രാജ്യമെമ്പാടും ജനങ്ങൾ നട്ടം തിരിയുന്നതിനിടെ തുടർപ്രഖ്യാപനങ്ങളുമായി പുതുവർഷാരംഭത്തിനു മുമ്പു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ രാത്രി 7.30 നു മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമെന്നാണു വിവരം. നോട്ട് നിരോധനത്തിനുശേഷം ജനങ്ങൾക്കുണ്ടായ പ്രതിസന്ധികൾ തരണം ചെയ്യാൻ സ്വീകരിക്കുന്ന തുടർനടപടികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കും.

എടിഎമ്മിൽനിന്ന് ഒരു ദിവസം പിൻവലിക്കാവുന്ന തുക 2,500ൽനിന്ന് 4,000 രൂപയായും ബാങ്കിൽനിന്ന് ഒരാഴ്ച പിൻവലിക്കാവുന്ന തുക 24,000ത്തിൽനിന്നു 40,000 രൂപയായും ഉയർത്തുമെന്നത് ഉൾ പ്പെടെയുള്ള പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തുമെന്ന് സൂചനകളുണ്ട്. എന്നാൽ, അഞ്ഞൂറിന്റെ കറൻസി കൂടുതൽ ലഭ്യമായാൽ മാത്രമേ നിയന്ത്രണങ്ങൾ ഗണ്യമായി മാറ്റാൻ കഴിയുകയുളളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കള്ളപ്പണത്തെയും അഴിമതിയെയും തുരത്താനെന്ന പേരിലാണ് ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിച്ചത്. തീരുമാനം നടപ്പിലാക്കി 50 ദിവസം പിന്നിട്ടിട്ടും ജനത്തിന്റെ നോട്ടുദുരിതത്തിന് അറുതിയായിട്ടില്ല. അടിയന്തര ആവശ്യങ്ങൾക്കുപോലും പണമില്ലാതെ ജനം വലയുകയാണ്. നിലവിൽ പ്രതിവാരം ബാങ്കിൽ നിന്നു പിൻവലിക്കാവുന്ന പരമാവധി തുക 24,000 രൂപയാണ്. എടിഎമ്മുകളിൽ നിന്നു പ്രതിദിനം 2,500 രൂപയും പിൻവലിക്കാം. ഈ പരിധി എത്രയായി ഉയർത്തുമെന്നാണു ജനങ്ങൾ ഉറ്റുനോക്കുന്നത്.

അതേസമയം, സാമ്പത്തിക രംഗത്തെ പ്രതിസന്ധി ക്രമേണ മാത്രമേ മാറുകയുള്ളുവെന്നു വ്യക്‌തമാക്കിയ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, പ്രധാനമന്ത്രിയുടെ ഉദ്ദേശ്യശുദ്ധി മനസിലാക്കിയ ജനങ്ങൾ ഇനിയും 50 ദിവസം നൽകാൻ തയാറാണെന്നാണു പറഞ്ഞത്. മോദി രണ്ടു ദിവസത്തിനുള്ളിൽ പ്രധാന പ്രഖ്യാപനങ്ങൾ നടത്തുമെന്നും നായിഡു ഇന്നലെ അറിയിച്ചു.

പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാൽ, ഇപ്പോഴത്തെ പ്രതിസന്ധികൾ ഒറ്റയടിക്കു മാറില്ലെന്നും ശനിയാഴ്ചയോടെ ചില മാറ്റങ്ങൾ കണ്ടുതുടങ്ങുമെന്നും പറഞ്ഞ മന്ത്രി ഇനിയും ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും വ്യക്‌തമാക്കി. സത്യസന്ധർക്ക് നല്ല നാളുകളും അല്ലാത്തവർക്കു മോശം കാലവുമാണ് ഇനിയുള്ളതെന്നും വെങ്കയ്യ നായിഡു മുന്നറിയിപ്പു നൽകി.

റദ്ദായ നോട്ടുകളുടെ 90 ശതമാനം ബാങ്കിലെത്തി എന്നതു കൊണ്ട് കള്ളപ്പണത്തിനെതിരായ യുദ്ധം പരാജയപ്പെട്ടിട്ടില്ല. ബാങ്കുകളിലെത്തിയ പണം കള്ളപ്പണമാണോ അല്ലയോ എന്നു വരും ദിവസങ്ങളിലെ പരിശോധനകൾക്കുശേഷം മാത്രമേ പറയാൻ കഴിയൂ. വ്യക്‌തികളുടെ കൈവശമുള്ള പണം സമ്പദ് വ്യവസ്‌ഥയിലെത്തിക്കുകയെന്ന ലക്ഷ്യം ഫലം കണ്ടെന്നു മന്ത്രി അവകാശപ്പെട്ടു.

നോട്ടു നിരോധനത്തിനു ശേഷം രാജ്യത്തെവിടെയും അനിഷ്‌ട സംഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും, അതേസമയം നികുതി വരുമാനത്തിൽ വർധനയുണ്ടായിട്ടുണ്ടെന്നുമാണ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ഇന്നലെ പറഞ്ഞത്.

നോട്ട് നിരോധനത്തിനു പിന്നാലെ കേന്ദ്രസർക്കാരിനെതിരേ രാജ്യവ്യാപകമായി രൂക്ഷ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ കക്ഷികൾ പാർലമെന്റിനകത്തും പുറത്തും ഒറ്റക്കെട്ടായി നടപടിയെ എതിർത്തു.

ജനദുരിതത്തിൽ പ്രതിപക്ഷം പാർലമെന്റിന്റെ ശീതകാല സമ്മേളനം സ്തംഭിപ്പിച്ചു. പണം പിൻവലിക്കലിലുള്ള വ്യവസ്‌ഥകൾ കേന്ദ്രസർക്കാർ അടിക്കടി മാറ്റിയതും രൂക്ഷ വിമർശനം ക്ഷണിച്ചുവരുത്താനിടയാക്കി.

50 നാൾ കഴിഞ്ഞു; ഇനി…

ഇന്നു ബാങ്കുകളിൽ നിക്ഷേപിക്കാനാവാത്ത 500 രൂപ, 1000 രൂപ കറൻസികൾ റിസർവ് ബാങ്ക് ശാഖകളിൽ നിക്ഷേപിച്ചു മാറ്റിയെടുക്കാം. ഇതുവരെ ബാങ്കിൽ അടയ്ക്കാത്തതിനു വിശദീകരണം നല്കണം എന്നു മാത്രം.

മാർച്ച് 31 വരെയാണ് ഈ സൗകര്യം. അതിനകം അടച്ചില്ലെങ്കിൽ പിന്നീട് ഇതു കൈമാറുകയോ അമിത എണ്ണം സൂക്ഷിക്കുകയോ ചെയ്യരുത്. ഓരോന്നും പത്തെണ്ണം വരെ സൂക്ഷിക്കാം. ഹോബിയായും ഗവേഷണത്തിനുവേണ്ടിയും. അതിലധികമായാൽ പതിനായിരം രൂപ മുതൽ പിഴ ചുമത്തും. ജയിൽ ശിക്ഷയില്ല.

തിരിച്ചുവന്നത് എത്ര

പിൻവലിച്ചത് 15.44 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസി.ഡിസംബർ 19 വരെയേ റിസർവ് ബാങ്ക് കണക്ക് പുറത്തുവിട്ടിട്ടുള്ളൂ.അതനുസരിച്ച് മടങ്ങിയെത്തിയതു 12.44 ലക്ഷം കോടി. അനൗപചാരിക കണക്ക് പ്രകാരം 14 ലക്ഷം കോടിയിൽപരം മടങ്ങിയെത്തി. അതായതു 90 ശതമാനത്തിലധികം.

കള്ളപ്പണം എവിടെ

അപ്പോൾ കള്ളപ്പണം എവിടെ എന്ന ചോദ്യമുയരാം. രാജ്യത്തെ പണത്തിൽ 30 ശതമാനം വരെ കള്ളപ്പണമാണെന്നായിരുന്നു നിഗമനം. അവ ഇതാ ബാങ്കുകളിലെ അക്കൗണ്ടുകളിൽ എത്തി.

അക്കൗണ്ടിൽ ചെന്നാൽ കണക്കായി; നികുതി ബാധ്യത ഉണ്ടെങ്കിൽ അതടയ്ക്കാം. അതോടെ കള്ളപ്പണം വെളുക്കും.

എന്തു സംഭവിച്ചു

അങ്ങനെയെങ്കിൽ കള്ളപ്പണത്തിന് എന്തു സംഭവിച്ചു?
കള്ളപ്പണത്തിൽ സിംഹഭാഗവും ഭൂമിയിലും കെട്ടിടത്തിലും സ്വർണത്തിലും ആഡംബര വസ്തുക്കളിലുമായിരുന്നു. അതു ഭദ്രമായി തുടരുന്നു. കുറേ വിദേശത്തുണ്ട്. അതും ഭദ്രം.

60 ലക്ഷത്തെ നോട്ടമിടും

ബാങ്കിലടച്ചതായാലും കള്ളപ്പണമാണെങ്കിൽ പിടിക്കും എന്നു ഗവൺമെന്റ് പറയുന്നുണ്ട്. അതു പിടിക്കാൻ ഗവൺമെന്റ് സന്നാഹമുണ്ടെന്ന് അവകാശപ്പെടുന്നു. 60 ലക്ഷം പേർ ചേർന്ന് ഏഴു ലക്ഷം കോടി രൂപ ബാങ്കുകളിൽ നിക്ഷേപിച്ചതിന്റെ കണക്കുണ്ടെന്നാണു പറയുന്നത്. വ്യക്‌തികൾക്കു പുറമേ കമ്പനികളും ചേർന്നതാണ് 60 ലക്ഷം പേർ.

രണ്ടു ലക്ഷത്തിലേറെ രൂപ വീതം നിക്ഷേപിച്ചവരുടെ പട്ടികയിൽനിന്നാണ് ഈ 60 ലക്ഷത്തെ ലക്ഷ്യമിട്ടിട്ടുള്ളത്. അവരിൽ കുറേപ്പേർ 50 ശതമാനം നികുതിയടച്ചു പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിൽ 25 ശതമാനം തുക നിക്ഷേപിക്കുകയും ചെയ്യണമെന്നു ഗവൺമെന്റ് ആഗ്രഹിക്കുന്നു. നാലു വർഷത്തേക്കു പലിശയില്ലാത്ത നിക്ഷേപമാണിത്.

ഇങ്ങനെയെല്ലാം ചെയ്താലും ഈ ഏഴു ലക്ഷം കോടിയുടെ വളരെ ചെറിയ ഭാഗമേ കള്ളപ്പണമായി രേഖയിൽ വരൂ. രാജ്യത്തുണ്ട് എന്നു പറഞ്ഞതും കരുതിയതുമായ കള്ളപ്പണം എങ്ങും പിടിയിലായില്ല എന്നു കരുതണം; അല്ലെങ്കിൽ അത്രയും ഉണ്ടായിരുന്നില്ല എന്നു സമ്മതിക്കണം.

അതേസമയം നോട്ട് അസാധുവാക്കല്‍ നടപടിയുടെ കാര്യകാരണങ്ങള്‍ വിശദീകരിച്ച് ജനത്തിനിടയിലേക്ക് ഇറങ്ങുന്നതിന് മുന്നോടിയായി ഈ വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 60 പേജിലധികം ദൈര്‍ഘ്യം വരുന്ന വിശദീകരണക്കുറിപ്പ് എല്ലാ കേന്ദ്രമന്ത്രിമാര്‍ക്കും നല്‍കി. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളെക്കുറിച്ചും ഈ കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. ടിവി, റേഡിയോ തുടങ്ങിയ മാധ്യമങ്ങളെയും രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ ഭാഗമാക്കും.

Top