പനാജി: രാജ്യത്തിനുവേണ്ടി വീടും കുടുംബവും ത്യജിച്ച ആളാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയില്‍ മോപ്പ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
രാജ്യത്തിനുവേണ്ടി കുടുംബവും വീടും, മറ്റെല്ലാം ത്യജിച്ച ആളാണ് ഞാന്‍. ഓഫീസ് കസേരയില്‍ വെറുതെ ഇരിക്കാനല്ല ഞാന്‍ ജനിച്ചത്. ബിനാമി ഇടപാടുകള്‍ നടത്തുന്നവര്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറായിക്കൊള്ളൂ- മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ നല്‍കുന്ന എന്തുശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്നും എന്നാല്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്നും മോദി പറഞ്ഞു.
പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭാരതം വിട്ടുപോയ പണം തിരികെ എത്തിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അഴിമതിക്കെതിരേ പോരാടാനാണ് ജനങ്ങള്‍ ആവശ്യപ്പെട്ടത്. ജനങ്ങളുടെ വോട്ട് കള്ളപ്പണത്തിന് എതിരായാണ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മോദി കൂട്ടിച്ചേര്‍ത്തു
കസേരയ്ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ല. എല്ലാവരും വന്നുപോകുന്നത് പോലെ താന്‍ വന്നുപോകുമെന്നു കരുതേണ്ടെന്നും മോദി പറഞ്ഞു. നോട്ടു പിന്‍വലിക്കലിനെതിരെ കനത്ത പ്രതിഷേധം ഉയരുന്നതിനിടെയാണു മോദിയുടെ പ്രസ്താവന.