സ്വന്തം ലേഖകൻ
കുൽഗാം: എനിക്ക് നാസയിൽ ശാസ്ത്രജ്ഞയാവണം. യൂണിഫോം ധരിച്ചു ധൈര്യത്തോടെ സ്‌കൂളിൽ പോകണം. – വിഘടനവാദികളും ഇന്ത്യൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടുന്ന കാശ്മീരിന്റെ മണ്ണിൽ ജീവിക്കുന്ന കൊച്ചു പെൺകുട്ടിയുടെ ആഗ്രഹങ്ങൾ ഇതാണ്. കുൽഗാമിലെ അക്രമ – കലാപബാധിത മേഖലയിൽ നിന്നുള്ള പെൺകുട്ടിയാണ് തന്റെ മണ്ണിൽ പിറന്നു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ഭാവിയ്ക്കു വേണ്ടി രാജ്യത്തിന്റെ ഭരണാധികാരികൾക്കു മുന്നിൽ ഈ അപേക്ഷ മുന്നോട്ടു വയ്ക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കാശ്മീരിൽ മാത്രം 25 സ്‌കൂളുകളാണ് അഗ്നിക്കിരയായത്. അക്രമ പ്രവർത്തനങ്ങളിൽ സൈനിക താവളങ്ങളായും, വിഘടനവാദികളുടെ താവളങ്ങളായും മാറിയ സ്‌കൂളുകളും ഏറെ. ഈ സാഹചര്യത്തിലാണ് കാശ്മീരിലെ വിദ്യാർഥികളുടെ ഭാവി തന്നെ അപകടത്തിലാകുന്നത്. കാശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തുന്നത് നിയമലംഘനങ്ങളാണെന്ന് ആരോപിച്ചു രംഗത്തെത്തുന്ന വിഭാഗം അക്രമ പ്രവർത്തനങ്ങൾക്കു മുന്നിൽ നിർത്തുന്നത് സ്‌കൂൾ വിദ്യാർഥികളെയും യുവാക്കളെയുമാണ്. ഇത്തരത്തിൽ സ്‌കൂളുകളും കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നത് വിഘടനവാദികൾക്കു കരുത്തു പകരുമെന്നു കരുതുന്ന സൈന്യം പ്രത്യേക അധികാരം ഉപയോഗിച്ചു ഇവ അടച്ചു പൂട്ടും. സ്‌കൂൾയൂണിഫോംധരിച്ചു ബാഗുമായി തെരുവിലിറങ്ങുന്നവരെ സംശയ ദൃഷ്ടിയോടെയാണ് സൈന്യം പരിശോധിക്കുന്നത്. കുട്ടികളുടെ ബാഗുകൾ പോലും തുറന്നു നോക്കാനും,ഇവ പരിശോധിക്കുന്നതിനും സൈന്യം തയ്യാറാക്കുന്നു എന്നത് ഭീതി ജനകമായ സ്ഥിതിയാണ്.
എന്നാൽ, ഇത്തരത്തിൽ സൈന്യവും വിഘടനവാദികളും മത്സരിച്ചു സ്‌കൂളുകൾ അടച്ചു പൂട്ടുന്നത് ഇവിടങ്ങളിലെ വിദ്യാർഥികളുടെ ഭാവി ജീവിതത്തെ തന്നെയാണ് ബാധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പല സ്‌കൂളുകളും അടച്ചിടുന്നതിനെ വിഘടനവാദികൾ മുതലെടുക്കുകയും ചെയ്യും. ഈ സ്‌കൂളുകളിൽ നിന്നു വിദ്യാർഥികളെ ഇവർ തങ്ങളുടെ അക്രമപരമ്പരകളുടെ ഭാഗമാക്കുകയും ചെയ്യും. അതുകൊണ്ടു തന്നെയാണ് എത്രയുംവേഗം സ്‌കൂൾ തുറക്കണമെന്ന കാശ്മീരി പെൺകുട്ടികളുടെ വാക്കുകൾ വൈറലായി മാറിയിരിക്കുന്നത്.