സ്‌പോട്‌സ് ലേഖകൻ
കോഴിക്കോട്: പതിമൂന്നാം ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തുടർച്ചയായ അഞ്ചാം കിരീടം. 38 ഫൈനലുകൾ പൂർത്തിയായപ്പോൾ 134 പോയിന്റുമായാണ് കേരളം കിരീട നേട്ടം സ്വന്തമാക്കിയത്. ഉത്തർപ്രദേശാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 400 മീറ്ററിൽ ജിസ്‌ന മാത്യു സ്വർണ്ണം സ്വന്തമാക്കി.
ഇതാദ്യമായാണ് ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിന് കേരളം വേദിയായത്. മീറ്റിന്റെ ആദ്യ ദിനം മുതൽക്കു തന്നെ കീരീട നേട്ടം ലക്ഷ്യമിട്ടായിരുന്നു താരങ്ങൾ ട്രാക്കിലിറങ്ങിയത്. മൂന്നു ദിവസങ്ങളിലായി നടന്ന മീറ്റിൽ കേരളത്തിന്റെ നൂറോളം താരങ്ങളാണ് മാറ്റുരച്ചത്. കോഴിക്കോട് സിന്തറ്റിക് ട്രാക്കിലാണ് മത്സരങ്ങൾ നടന്നത്. മീറ്റിന്റെ അവസാന ദിവസമായ ഇന്ന് 16 ഫൈനൽ മത്സരങ്ങൾക്കാണ് കാലിക്കറ്റ് സർവ്വകലാശാലയിലെ സിന്തറ്റിക്ക് മൈതാനം സാക്ഷിയായത്.
പെൺകുട്ടികളുടെ 200 മീറ്റർ, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 800 മീറ്റർ റൺ, ട്രിപ്പിൾ ജംമ്പ്, ജാവലിൻ ത്രോ, പോൾ വോൾട്ട്, റിലേ തുടങ്ങിയവയായിരുന്നു ഇന്നു നടന്ന ഫൈനലുകൾ.