ന്യൂഡല്‍ഹി: പൊലിസ് കസറ്റഡിയിലുള്ള ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ കോടതി പരിസരത്ത് വച്ച് ക്രൂരമായി മര്‍ദ്ദിച്ചു. പോലീസ് കാവലില്‍ പട്യാല കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് ബിജെപി അഭിഭാഷകന്‍ മര്‍ദ്ദിച്ചത്. നിലത്തിട്ടു ചവിട്ടുകയും ചെയ്തു.കനയ്യ കുമാറിനെ കോടതിയിലെത്തിക്കും മുമ്പ് തന്നെ കോടതി വളപ്പ് സംഘര്‍ഷഭൂമിയായി തീര്‍ന്നിരുന്നു. കനയ്യകുമാറിനെ മര്‍ദിക്കും മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടു.ക്യാമറകള്‍ തല്ലിതകര്‍ത്തു. കോടതി പരിസരത്ത് അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും എണ്ണം പരിമിതപ്പെടുത്തി സുപ്രീം കോടതി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് സംഘര്‍ഷം അരങ്ങേറിയത്.അഭിഭാഷകര്‍ സംഘം ചേര്‍ന്ന് അക്രമം അഴിച്ചു വിടുകയായിരുന്നു. ഇവരെ തടയാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ല.
അതേ സമയം പട്യാല ഹൌസ് കോടതിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അന്വേഷിച്ച് പത്തു മിനുട്ടിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജോയിന്റെ കമ്മീഷണറോട് സുപ്രീം കോടതി ഉത്തരവിട്ടു. പത്തു മിനുട്ടു കൂടുമ്പോള്‍ സംഭവത്തിന്റെ വിവരങ്ങള്‍ അറിയിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ പതാകയും പിടിച്ച് വന്ദേമാതരം വിളിയുമായാണ് ഒരു വലിയ വിഭാഗം അഭിഭാഷകര്‍ എത്തിയത്. ഇവര്‍ കോടതിക്കുള്ളിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇവര്‍ കല്ലെറിഞ്ഞു പ്രകോപനം ഉണ്ടാക്കി
കഴിഞ്ഞ ദിവസമുണ്ടായ സമാനമായ ആക്രമണത്തെ സുപ്രീം കോടതി അപലപിച്ചിരുന്നു. സുപ്രീം കോടതിയുടെ അഭിപ്രായത്തെ ഒട്ടും മാനിക്കാത്ത തരത്തിലാണ് അഭിഭാഷകര്‍ പട്യാല ഹൌസ് കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഗുണ്ടകളെ പോലെ പെരുമാറിയത്. കഴിഞ്ഞ ദിവസം അക്രമം നടത്തിയ അതേ അഭിഭാഷക സംഘമാണ് കോടതിക്ക് മുന്നില്‍ അക്രമം നടത്തുന്നത്.അക്രമം നടത്തുന്ന അഭിഭാഷകരെ കസ്റ്റടിയിലെടുക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. പോലീസിനെ നോകുകുത്തിയാക്കിയാണ് അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടത്.
കനയ്യ കുമാറിനെ പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കോടതിയില്‍ കന്നത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.ഈ സാഹചര്യത്തിലും അഭിഭാഷകര്‍ക്ക് കോടതി വളപ്പില്‍ ആക്രമം അഴിച്ചുവിടാന്‍ സാധിച്ചുവെന്നത് ഗുരുതര സുരക്ഷാ വീഴ്ച്ചയായാണ് കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം കനയ്യ കുമാറിനെ പട്യാല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുന്നതിന് മുമ്പായാണ് ബിജെപി അഭിഭാഷകര്‍ അക്രമാസക്തരായതും മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും മര്‍ദ്ദിച്ചത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയില്‍ വന്ദേമാതരം വിളിയുണ്ടായത്.
വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണിനെതിരെ ബിജെപി പ്രവര്‍ത്തകനായ അഭിഭാഷകന്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് വന്ദേമാതരം വിളിച്ച് ശേഷം ഇയാള്‍ കോടതിയില്‍ നിന്ന് ഇറങ്ങി ഓടി.ഭീകരര്‍ക്ക് വേണ്ടി ഹാജരാകുന്നുവെന്ന് ഉറക്കെ വിളിച്ച് പറഞ്ഞാണ് അഭിഭാഷകന്‍ മുദ്രാവാക്യം വിളിച്ചത്.കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബിജെപി അഭിഭാഷകരില്‍നിന്ന് കോടതി മുറിയില്‍ മര്‍ദനമേറ്റത് ചൂണ്ടിക്കാട്ടി ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥിയായ എന്‍ ഡി ജയപ്രകാശാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്