ന്യൂഡല്‍ഹി: സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവിട്ടു. കൂടാതെ സ്‌ക്രീനില്‍ ദേശീയ ഗാനത്തിന് മുന്നോടിയായി ദേശീയപതാക പ്രദര്‍ശിപ്പിക്കുകയും വേണമെന്നും ആ സമയത്ത് എല്ലാവരും നിര്‍ബന്ധമായി എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
ദേശീയ ഗാനം ആലപിക്കപ്പെടുമ്പോള്‍ എല്ലാവരും അതിനോട് ആദരവും ബഹുമാനവും കാണിക്കണം. രാജ്യസ്നേഹവും ദേശഭക്തിയും ഊട്ടിയുറപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നതായി വ്യക്തമാക്കി സുപ്രീംകോടതി നിരീക്ഷിച്ചു.
ടിവി ഷോകളിലും സിനിമകളിലും ദേശീയ ഗാനത്തെ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. ഭോപ്പാലി്ല്‍ സന്നദ്ധ സംഘടന നടത്തുന്ന ശ്യാം നാരായണ്‍ ആണ് ഹര്‍ജി നല്‍കിയത്. 1960 കാലത്ത് സിനിമാ ഹാളുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമായിരുന്നു. പക്ഷേ പിന്നീട് ഇത് പതിയെ ഇല്ലാതാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സുപ്രീം കോടതി ഉത്തരവ്.
ഉത്തരവ് നടപ്പിലായോ എന്ന് നിരീക്ഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.കൂടാതെ വാണിജ്യ താത്പര്യങ്ങള്‍ക്കായി ദേശീയഗാനത്തെ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു.ദേശീയ ഗാനം തിയറ്ററുകളില്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും ഉടന്‍ കൈമാറുമെന്ന് കേന്ദ്രം വ്യക്തമാക്കി.ദൃശ്യപത്ര മാദ്ധ്യമങ്ങള്‍ വഴി പൊതുജനങ്ങളെ ഇക്കാര്യം അറിയിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.
യോഗ്യമല്ലാത്ത വസ്തുക്കളില്‍ ദേശീയഗാനം അച്ചടിക്കരുതെന്നും സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുകൊണ്ടുള്ള പരസ്യ ചിത്രീകരണം നടത്തുകയോ നാടകീയമായി അവതരിപ്പിക്കുകയോ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയണമെന്നും ദേശീയഗാനം ആലപിക്കുന്നതും കേള്‍പ്പിക്കുന്നതും സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം വേണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.