വിരമിച്ച സെെനികനോട് പൗരത്വം തെളിയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

വിരമിച്ച സൈനിക ഉദ്യോഗസ്ഥനോട് പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ഉടന്‍ ഹാജരാക്കണമെന്ന് കാണിച്ച് ഫൊറിനേഴ്‌സ് ട്രൈബ്യൂണലിന്റെ നോട്ടീസ്. ആസാം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് ട്രെെബ്യൂണലിന്‍റെ നിര്‍ദേശം. മുഹമ്മദ് അസ്മല്‍ ഹഖ് എന്ന മുന്‍ സൈനികനെ സംശയിക്കപ്പെടുന്ന ബംഗ്ലാദേശി കൂടിയേറ്റക്കാരുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്. സെപ്തംബര്‍ 11 ട്രൈബ്യൂണലില്‍ ഹാജരാകണമെന്ന നിര്‍ദേശം അസ്മല്‍ അവഗണിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 13ന് രേഖകളുമായി വീണ്ടും ഹാജരാകണമെന്ന് നിര്‍ദേശം ലഭിച്ചുവെന്ന് വിശ്രമ ജീവിതം നയിക്കുന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. 1971നു ശേഷം മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ എത്തിയ ആളാണ് മുഹമ്മദ് അസ്മല്‍ എന്ന് ട്രൈബ്യൂണല്‍ ആരോപിക്കുന്നു. നേരത്തെ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും പൗരത്വം തെളിയിക്കണമെന്ന് കാണിച്ച് നോട്ടീസ് അയച്ചിരുന്നു. താന്‍ ജനിച്ചതും വളര്‍ന്നതും ഈ നാട്ടിലാണെന്നും സര്‍ക്കാര്‍ എന്തിനാണ് തങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നു അസ്മല്‍ ചോദിച്ചു. 1986 മുതല്‍ 2016 വരെ ഇന്ത്യന്‍ സേനയില്‍ സേവനം അനുഷ്ഠിച്ചയാളാണ് മുഹമ്മദ് അസ്മല്‍. ഹഖ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായാണ് ഇദ്ദേഹം വിരമിച്ചത്.

Top