ഇത്തവണത്തെ മികച്ച നടിയായി ദേശീയ ജൂറി അംഗങ്ങള്‍ തെരഞ്ഞെടുത്തത് അന്തരിച്ച നടി ശ്രീദേവിയെയാണ്. രവി ഉദ്യാവര്‍ സംവിധാനം ചെയ്ത മോം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. എന്നാല്‍ നടി മരണപ്പെട്ടുവെന്ന കാരണത്താല്‍ അവര്‍ക്ക് അവാര്‍ഡ് നല്‍കരുതെന്ന് താന്‍ ജൂറി അംഗങ്ങളോട് പറഞ്ഞിരുന്നുവെന്ന് ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ വെളിപ്പെടുത്തി. ശ്രീദേവിയുമായി ഞങ്ങള്‍ക്കെല്ലാം വളരെ വൈകാരികമായ ബന്ധമുണ്ട്. എന്നാല്‍ ശ്രീദേവിക്ക് അവാര്‍ഡ് നല്‍കരുതെന്ന് അവസാനം വരെ താന്‍ അംഗങ്ങളോട് പറഞ്ഞിരുന്നുവെന്നും ശേഖര്‍ കപൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ശേഖര്‍ കപൂറിന്റെ വാക്കുകള്‍:
മോം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീദേവിയാണ്. ഇത് ഞാനും അവരുമായുള്ള ബന്ധത്തിന് പുറത്തുള്ള ഒന്നല്ലെന്ന് ഞാന്‍ വാക്ക് തരുന്നു. എല്ലാ ദിവസവും രാവിലെ ഞാന്‍ ഇവിടെ വന്ന് എല്ലാവരോടും ഒരിക്കല്‍ കൂടി വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെടാറുണ്ട്.
ഞാന്‍ എല്ലാ താരങ്ങളെയും സസൂക്ഷമം വീക്ഷിക്കും. അവരെപ്പറ്റി സംസാരിക്കും. എന്നിട്ട് പറയും ശ്രീദേവി ഇതില്‍ ഉണ്ടാകാന്‍ പാടില്ല, ശ്രീദേവി പാടില്ല. ഞങ്ങള്‍ വോട്ട് രേഖപ്പെടുത്തും. അത് ശ്രീദേവിയിലേക്ക് തന്നെ തിരിച്ചെത്തും. ശ്രീദേവിയായിരിക്കരുത് അവാര്‍ഡ് നേടുന്നത് എന്ന കാര്യത്തില്‍ പോരാടിയത് ഞാനാണ്. ശ്രീദേവിയുമായി ഞങ്ങള്‍ക്കെല്ലാം വളരെ വൈകാരികമായ ബന്ധമുണ്ട്. പക്ഷെ ഞാന്‍ പറയാറുണ്ട് ശ്രീദേവി മരണപ്പെട്ടു എന്ന കാരണത്താല്‍ അവര്‍ക്ക് ഒരു അവാര്‍ഡ് നല്‍കരുത്. അത് മറ്റു പെണ്‍കുട്ടികളോടുള്ള അനീതിയാണ്. അവരും പത്തു പന്ത്രണ്ടു വര്‍ഷത്തോളമായി കഠിനാധ്വാനം ചെയ്യുന്നു. അവര്‍ക്കും ഒരു കരിയര്‍ ഉണ്ട്.