ന്യൂഡല്‍ഹി: വിവാദമായ ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് മികച്ച ഗായകനുള്ള അവാര്‍ഡ് സ്വീകരിച്ച ഗായകന്‍ കെജെ യേശുദാസിനും സംവിധായകന്‍ ജയരാജിനുമെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ, പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന യേശുദാസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്.
പത്മശ്രീയും പത്മവിഭൂഷണും നല്‍കി രാജ്യം ബഹുമാനിച്ച കലാകാരന് ഇരിപ്പടം നല്‍കാത്തത് മോശമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. വാര്‍ത്താ വിതരണമന്ത്രാലയത്തിന്റെയും സംഘാടകരുടെയും പിടിപ്പുകേടാണ് ഈ അനാദരവെന്നും ചിലര്‍ വ്യക്തമാക്കി. എന്നാല്‍ മറ്റു ചിലര്‍ യേശുദാസിനെതിരെയും രംഗത്തെത്തി. ബഹിഷ്‌കരിച്ചവര്‍ക്കൊപ്പം നില്‍ക്കാതെ കേന്ദ്രത്തെ പിന്തുണച്ച അദ്ദേഹത്തിന് ഇത് കിട്ടേണ്ടതായിരുന്നെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
സെല്‍ഫിയെടുത്ത ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി യേശുദാസ് ഫോട്ടോ ഡിലീറ്റ് ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നിരവധി ട്രോളുകളാണ് ഗായകനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
ബഹിഷ്‌കരിച്ചവര്‍ക്കൊപ്പം നിന്ന് പരാതിയില്‍ ഒപ്പു വച്ചിട്ട് പിന്നീടു പുരസ്‌കാരം വാങ്ങിയ യേശുദാസിന്റെയും ജയരാജിന്റെയും നിലപാടുകളാണ് കൂടുതല്‍ വിമര്‍ശന വിധേയമാകുന്നത്. ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ 11 പേര്‍ക്കേ രാഷ്ട്രപതി പുരസ്‌കാരം നല്‍കൂ എന്നറിയിച്ചതാണു പ്രതിഷേധത്തിനിടയാക്കിയത്. ഹഫദ് ഫാസില്‍, പാര്‍വതി തുടങ്ങി 10 മലയാളികളടക്കം 68 പേര്‍ വിട്ടുനിന്നു. പങ്കെടുക്കാത്തവരുടെ പേരെഴുതിയ കസേരകള്‍ സദസ്സില്‍നിന്നു മാറ്റുകയും ചെയ്തു.
യേശുദാസും ജയരാജും ഉള്‍പ്പെടെ 11 പേരാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍ നിന്നു പുരസ്‌ക്കാരം സ്വീകരിച്ചത്. മറ്റുള്ളവര്‍ക്കു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോറും ചേര്‍ന്നു പുരസ്‌കാരം നല്‍കി.