ബംഗലൂരു: കർണാടക സർക്കാർ സംഘടിപ്പിച്ച പ്രഥമ നാഷണൽ എഡ്യുക്കേഷൻ പോളിസി (എൻഇപി) കോൺക്ലേവ് ബംഗലൂരുവിൽ നടന്നു. യുകെ ആസ്ഥാനമായ വിദ്യാഭ്യാസ, നൈപുണ്യ വികസന സ്ഥാപനമായ ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (ഐഎസ്ഡിസി) സഹകരണത്തോടെ സംഘടിപ്പിച്ച കോൺക്ലേവ് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വത് നാരായൺ സി.എൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി തന്ത്രങ്ങൾ ആസൂത്രണം ചെയ്യൽ എന്നതായിരുന്നു കോൺക്ലേവിന്റെ വിഷയം.
സമഗ്രമായ സമീപനത്തിലൂടെയും ശരിയായ വിജ്ഞാനത്തിലൂടെയും വേണം വിദ്യാഭ്യാസ ദാതാക്കൾ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റാനെന്ന് മന്ത്രി ഡോ. അശ്വത് നാരായൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഈ ദിശയിലുള്ള ക്രിയാത്മകമായ കാൽവെയ്പ്പാണ് എൻഇപിയെന്നും ഇന്നത്തെ സാഹചര്യത്തിൽ വിദ്യാഭ്യാസ മേഖല നേരിടുന്ന എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. എൻഇപി വിജയകരമായി നടപ്പാക്കുന്നതോടെ അടുത്ത 20 വർഷത്തിനുള്ളിൽ കർണാടക രാജ്യത്തെയും ലോകത്തെയും തന്നെ മികച്ച വിദ്യാഭ്യാസ ഹബ്ബായി മാറും. വിദ്യാർഥികളുടെ ഉന്നമനത്തിനും മികച്ച വിദ്യാഭ്യാസ സാഹചര്യം ഒരുക്കുന്നതിനും ഏത് സാധ്യതകളും ആരായാൻ കർണാടക സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. എൻഇപി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന നിലയിൽ രാജ്യത്തിന് തന്നെ മാതൃകയാകാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കർണാടകയിലെ സാമൂഹികമായും സാവമ്പത്തികമായും പിന്നോക്കം നിൽക്കുന്ന 95% വിദ്യാർഥികൾക്കും എൻഇപി നടപ്പാക്കുന്നതിലൂടെ നേട്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് പ്രധാന ഘടകമെന്ന നിലയിൽ വിദ്യാഭ്യാസ മേഖലയിലെ പരിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് കോൺക്ലേവിൽ സംസാരിച്ച ഐഎസ്ഡിസി എക്സിക്യുട്ടിവ് ഡയറക്ടർ ടോം എം. ജോസഫ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യയുടെ കടന്നുവരവ് രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കും പഠനം പ്രാപ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനും ആഗോളതല വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിലേക്കുള്ള വ്യാപനത്തിനും എൻഇപിയിലെ നിർദ്ദേശങ്ങൾ സഹായകമാകുമെന്നും ടോം വ്യക്തമാക്കി.
സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വിചക്ഷണർ, പ്രമുഖ സർവകലാശാലകളുടെ പ്രതിനിധികൾ, വ്യവസായ പ്രമുഖർ തുടങ്ങി 200-ലേറെ പേർ കോൺക്ലേവിൽ പങ്കെടുത്തു. 25 വിദഗ്ധർ പങ്കെടുത്ത അഞ്ച് പ്രധാന പാനൽ ചർച്ചകളാണ് നടന്നത്. എൻഇപിയിലൂടെയുള്ള രാജ്യാന്തര സാധ്യതകൾ, മികച്ച ആഗോള രീതികൾ അവലംബിച്ചും വ്യവസായങ്ങളുടെ ആവശ്യാനുസരണമുള്ള നൈപുണ്യ വികസന പദ്ധതികൾ ആവിഷ്കരിച്ചും ദേശീയതലത്തിലും രാജ്യാന്തര തലത്തിലും ജോലിസാധ്യതകൾ സൃഷ്ടിച്ചുമുള്ള നയത്തിന്റെ ഫലപ്രദമായ നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്.
കർണാടക ഉന്നതവിദ്യാഭ്യാസ കൗൺസിൽ എക്സിക്യുട്ടിവ് ഡയറക്ടർ പ്രൊഫ. ഗോപാൽകൃഷ്ണ ജോഷി; കോളീജിയേറ്റ്, ടെക്നിക്കൽ എഡ്യുക്കേഷൻ വിഭാഗം കമ്മിഷണർ പ്രദീപ് പി, ഐഎഎസ്; ഐഎസ്ഡിസി എക്സിക്യുട്ടിവ് ഡയറക്ടർ- ലേണിങ് തെരേസ ജേക്കബ്സ്, ബാംഗ്ളൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വേണുഗോപാൽ കെ.ആർ; ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാജ് സിംഗ്; ആർവി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വൈ.എസ്.ആർ. മൂർത്തി; ജെയിൻ ഓൺലൈൻ ചീഫ് ബിസിനസ് ഓഫീസർ ജയപ്രകാശ് റെഡ്ഡി തുടങ്ങിയ പ്രമുഖർ കോൺക്ലേവിൽ സംസാരിച്ചു.